മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പിന്നണിയിൽ ഉടനടി വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. ഒക്ടോബർ നവംബർ മാസങ്ങളിൽ യുഎഎയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടീമിന്റെ മുഖ്യ പരിശീലകൻ രവിശാസ്ത്രി ഉൾപ്പടെ പടിയിറങ്ങുമെന്നാണ് വിവരം. രവി ശാസ്ത്രിയെ കൂടാതെ ബോളിങ് പരിശീലകൻ ഭാരത് അരുൺ, ഫീൽഡിങ് പരിശീലകൻ വിക്രം റാത്തോർ എന്നിവരും ടീം വിടുമെന്നാണ് സൂചന.
ലോകകപ്പിന് ശേഷം കരാർ കാലാവധി അവസാനിക്കുന്നതോടെ ടീം വിടാൻ ആഗ്രഹിക്കുന്നതായി ശാസ്ത്രി ചില ബിസിസിഐ അംഗങ്ങളെ അറിയിച്ചതായാണ് വിവരം. മറ്റു പരിശീലകർ വിവിധ ഐപിഎൽ ടീമുകളുമായി ചർച്ചയിലാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ബിസിസിഐയും പുതിയ പരിശീലകരെ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത്.
2014ൽ ടീം ഡയറക്ടറായാണ് ശാസ്ത്രി ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. 2016ലെ ടി20 ലോകകപ്പ് വരെ ഡയറക്ടറായി തുടർന്ന ശേഷം ഒരു വർഷത്തേക്ക് അനിൽ കുംബ്ലെ തലസ്ഥാനത്തേക്ക് എത്തിയിരുന്നു. പിന്നീട് 2017ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് ശേഷമാണ് ശാസ്ത്രിയെ ഇന്ത്യയുടെ മുഖ്യപരിശീലകനായി നിയമിച്ചത്. രവി ശാസ്ത്രി ഇന്ത്യൻ പരിശീലകനായ ശേഷം ഇന്ത്യ വിദേശത്ത് രണ്ടു ടെസ്റ്റ് പരമ്പരകൾ നേടിയിരുന്നു.
ഇന്ത്യയുടെ ബോളിങ് മെച്ചപ്പെടുത്തുന്നതിന് പ്രധാന പങ്കുവഹിച്ച പരിശീലകനാണ് അരുൺ. ഇന്ത്യൻ ടീം ലോകത്തെ തന്നെ മികച്ച ഫീൽഡിങ് ടീമായി അറിയപ്പെടുന്നതിന് നിർണായക പങ്കുവഹിച്ചത് ആർ ശ്രീധറിന്റെ പരിശീലനമാണ്.
എന്നാൽ ഇവരുടെ കാലയളവിൽ ഒരു ഐസിസി ട്രോഫി സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിയാതെ പോയി. 2019ലെ ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ വരെ എത്തുകയും പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുകയും ചെയ്തിരുന്നു. ഇതു മാറ്റിനിർത്തിയാൽ കഴിഞ്ഞ നാല് വർഷത്തെ കാലയളവിൽ ഇന്ത്യ താരതമ്യേന ഏറ്റവും മികച്ച പ്രകടനമാണ് കാച്ചവെച്ചത്. വെസ്റ്റ് ഇൻഡീസിലും ശ്രീലങ്കയിലും ടെസ്റ്റ് പരമ്പര തൂത്തുവാരിയതും, ഇംഗ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതും ഈ കാലയളവിലാണ്.
ഇന്ത്യയിലെ മത്സരങ്ങളിൽ ടീം അപരാജിതരായി തുടർന്നതും ഈ സമയത്താണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷണാഫ്രിക്ക ടീമുകളെ പരമ്പരകളിൽ തോൽപിച്ചിരുന്നു. ഇന്ത്യയുടെ ബെഞ്ച് ശക്തി വർധിക്കുകയും അതുമൂലം ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര നേടിയതും ഈ കാലഘട്ടത്തിലാണ്.
ടീമിന്റെ വിജയത്തിൽ ശാസ്ത്രിക്ക് നിർണായക പങ്കാണുള്ളത്. ക്യോപ്റ്റൻ കോഹ്‌ലിയുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രി വളരെ പ്രകടമായിരുന്നു. യുവതാരങ്ങളെ വാർത്തെടുക്കുന്നതിനും അത് സഹായകമായി. റിഷഭ് പന്ത് അതിനൊരു ഉദാഹരണമാണ്.
Also read: ഐപിഎല്ലില്‍ പുതിയ കോവിഡ് നിയമങ്ങള്‍; സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും
പക്ഷേ ഇപ്പോൾ ടീം കൂടുതൽ ഉന്നതികളിൽ എത്താൻ മാറ്റം അനിവാര്യമാണെന്ന് തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ.
മാനദണ്ഡങ്ങൾ പ്രകാരം ടി20 ലോകകപ്പിന് ശേഷം പരിശീലന സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിക്കും, അങ്ങനെയാകും തിരഞ്ഞെടുപ്പ്. ചില ബോർഡ് അംഗങ്ങൾ ഇപ്പോൾ തന്നെ രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. നിലവിൽ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫും ഇന്ത്യ എ അണ്ടർ 19 ടീമുകളുടെ പരിശീലകനുമാണ് ദ്രാവിഡ്.
ദ്രാവിഡ് അപേക്ഷ നൽകുകായണെങ്കിൽ നിലവിലെ ടീമിലെ താരങ്ങളുമായി രാഹുലിന് ഉള്ള ബന്ധം കണക്കിലെടുത്ത് പ്രഥമ പരിഗണന ദ്രാവിഡിന് തന്നെ ആയിരിക്കും നൽകുക.
എന്നാൽ ശ്രീലങ്കൻ പാരമ്പരക്കിടയിൽ ദ്രാവിഡിനോട് ഇതിനെ സംബന്ധിച്ചു ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു മറുപടി. മുഴുവൻ സമയ പരിശീലകനാകുന്നതിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നും അതുകൊണ്ട് അറിയില്ല എന്നുമാണ് രാഹുൽ പറഞ്ഞത്. സെപ്റ്റംബറിൽ ദേശിയ ക്രിക്കറ്റ് അക്കാദമിയുമായുള്ള ദ്രാവിഡിന്റെ കരാർ അവസാനിക്കുകയും ചെയ്യും.
The post ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും മറ്റു പരിശീലകരും appeared first on Indian Express Malayalam.