തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇവർ പിടിയിലായത്.
കേസിലെ ഒന്നാംപ്രതി സുനിൽ കുമാറിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടും മൂന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കും.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.
ബാങ്ക് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായതായി സർക്കാരിന്റെ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടെന്ന് സഹകരണ മന്ത്രി എ.എൻ വാസവൻ ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഉന്നതതലയോഗത്തിന് ശേഷം ഉദ്യോഗസ്ഥതലത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content highlights: Karuvannur bank scam: Two more accused in custody