ഓസ്‌ട്രേലിയയിലെ പ്രമുഖ ദൃശ്യ പത്ര മാധ്യമ ഗ്രൂപ്പായ 7 നെറ്റ്‌വർക്ക് നടത്തുന്ന The Voice എന്നാ പ്രോഗ്രാമിലെ വിധി നിർണ്ണയിക്കാൻ എത്തിയ പാശ്ചാത്യ സംഗീത ലോകത്തെ പ്രമുഖ സംഗീതജ്ഞരായ Keith Urban, Rita Ora, Guy Sebastian, Jessica Mauboy എന്നീ വിശ്വ പ്രസിദ്ധരെ അമ്പരിപ്പിച്ച അഭിമാന താരമായിരിക്കുകയാണ് മലയാളിയും , ഇന്ത്യൻ കമ്യൂണിറ്റിയിലെ തന്നെ ആദ്യത്തെ മത്സരാർതഥിയുമായ കൊച്ചുമിടുക്കി 12 വയസുകാരി ജാനകി ഈശ്വർ. The Voice എന്നാ പ്രോഗ്രാമിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി അവസരം നേടിയ ആളുമാണ് ഈ കൊച്ചുമിടുക്കി.
ഓഗസ്റ്റ് 09 – ന് (തിങ്കളാഴ്ച)- മെൽബൺ സമയം(AEST) വൈകീട്ട് 07 : 30pm ന് , Channel 7 – ലാണ് ജാനകിയുടെ ഒഡീഷന്റെ ആദ്യ വിധി നിർണ്ണയം നടത്തപ്പെട്ടത്. മത്സരാർത്ഥി പാട്ടുപാടുമ്പോൾ, അയാൾക്ക് പുറംതിരിഞ്ഞിരുന്നു സംഗീതത്തെ വിലയിരുത്തുന്ന ജഡ്ജസുമാരിലാരെങ്കിലുമൊരാൾ, തങ്ങൾക്ക് മുൻപിലുള്ള ബെൽ ബട്ടൺ അമർത്തിയാൽ മാത്രമേ അയാളെ അടുത്ത റൗണ്ടിലേക്ക് കടത്തി വിടുകയുള്ളൂ. പ്രഗത്ഭരായ പല പ്രതിഭകളും കാലിടറി വീണ ആ Blind Audition റൗണ്ടിൽ നെഞ്ചിടിപ്പോടെ കാത്തിരുന്ന ഓസ്‌ട്രേലിയൻ പ്രവാസികളായ ഇന്ത്യാക്കാരേയും, തദ്ദേശീയരെയും അത്ഭുതസ്തബ്ധയാക്കിയ മാസ്മരിക പ്രകനമാണ് ആ കൊച്ചുമിടുക്കി , തനിക്ക് ലഭിച്ച അവസരത്തെ അവസമരണീയമാക്കിയത്. ഇന്ത്യൻ സംസ്കാരത്തിലും , പൈതൃകത്തിലും അഭിമാനം കൊള്ളുന്ന ജാനകി, ജഡ്ജിയായിരുന്ന Guy Sebastian- ന്റെ അഭ്യർത്ഥന മാനിച്ചു ഇന്ത്യൻ ക്ലാസിക് സംഗീതത്തിൻറെ ശീലുകൾ പാടിയവസാനിച്ചപ്പോൾ സദസൊന്നാകെ എണീറ്റ് നിന്നാണ് കരഘോഷം മുഴക്കിയത്. കോരിത്തരിപ്പ് അഥവാ goosebumps എന്നാ വികാരത്തെ അത്രമേൽ അനുഭവിച്ചറിയുന്ന ആ അനർഘ നിമിഷങ്ങൾ കാണാത്തവർക്കായി , താഴെ കൊടുത്തിട്ടുള്ള YouTube – ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.
“ഈ പ്രായത്തിൽ എനിക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരമായാണ് ഞാനിതിനെ കാണുന്നതെന്ന്” ഓഡിഷനിൽ പങ്കെടുത്ത 7 -)൦ ക്ലാസ് വിദ്യാർത്ഥിനിയായ ജാനകി പറഞ്ഞു.
‘ കലാമൂല്യവും , തനതായ ഒരിടവും കണ്ടെത്താനുള്ള കഴിവ് പ്രായാതീതമായി എനിക്കുണ്ട് എന്ന് പറഞ്ഞു കട്ടക്ക് കൂടെ നിൽക്കുന്നത് എന്റെ മാതാപിതാക്കളാണ്. അവരാണ് എനിക്ക് പ്രോത്സാഹനവും, പ്രചോദനവും തരുന്നത്. എന്റെ യുട്യൂബ് ചാനലിൽ ഇടുന്ന പാട്ടുകൾക്ക് നല്ല പ്രോത്സാഹനമാണ് ശ്രോതാക്കളിൽ നിന്നും ലഭിച്ചത് . അതിൽ നിന്നും ആർജ്ജിച്ച ആത്മവിശ്വാസമാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്’. ജാനകി കൂട്ടിച്ചേർത്തു.
കോഴിക്കോട് സ്വദേശിയായ ജാനകിയുടെ അച്ഛൻ അനൂപ് ദിവാകരനും , ഭാര്യ ദിവ്യയും 2007 – ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. മെൽബണിൽ അനൂപ് മാനുഫാക്ച്ചറിങ് മേഖലയിലും, ദിവ്യ IT മേഖലയിലാണ് ജോലി ചെയ്യുന്നത് . രണ്ടുപേരും സംഗീതത്തെ ഇഷ്ട്ടപെടുന്നവരും മെൽബണിലെ മലയാള സമൂഹത്തിനു സുപരിചതരുമാണ് .
ജാതി, മത , രാഷ്ട്രീയ ഭേദമന്യേ മലയാളികൾക്കായി വിവിധ അസോസിയേഷനുകൾ നടത്തുന്ന സാംസ്കാരിക പരിപാടികളിലെ സ്‌ഥിരം സാന്നിധ്യമായ അനൂപ് നല്ലയൊരു ഗായകനും , മികച്ച ആങ്കറുമാണ്. മലയാളം, തമിഴ് ചലച്ചിത്ര പിന്നണി ഗായകനും, സ്റ്റാർ സിങ്ങർ വിജയിയുമായ അരുൺ ഗോപൻ, അനൂപിന്റെ സ്വന്തം സഹോദരനാണ്.
അനുഗ്രഹീത കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ ഇളം തലമുറക്കാരി , ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ മാമാങ്കത്തിൽ കൂടുതൽ ഉയരങ്ങൾ താണ്ടി, തനതായ ഒരിടം അടയാളപ്പെടുത്തുന്നത് കാണാൻ അനുഗ്രഹാശംസകളുമായി ജിജ്ഞാസാ ഭരിതരായി കാത്തിരിക്കുകയാണ് ഇന്ത്യൻ സമൂഹമാകെ.