ന്യൂഡൽഹി
പൊതു തെരഞ്ഞെടുപ്പ് നടന്ന 2019–-20ൽ ലഭിച്ച ഇലക്ടറൽ ബോണ്ട് സംഭാവനകളിൽ നാലിൽ മൂന്നും ബിജെപിക്ക്. തെരഞ്ഞെടുപ്പ് കമീഷനിൽ പാർടികൾ സമർപ്പിച്ച വിവരപ്രകാരം 3435 കോടി രൂപയാണ് ആകെ ഇലക്ടറൽ ബോണ്ട് സംഭാവന. ഇതിൽ 2555 കോടിയും ലഭിച്ചത് ബിജെപിക്കാണ്. 3427 കോടിയാണ് ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന. 21ൽ നിന്ന് 74 ശതമാനമായി ബിജെപിയുടെ ഇലക്ടറൽ ബോണ്ട് വിഹിതം വർധിച്ചു. 2017–-18ൽ മൊത്തം ലഭിച്ച 989 കോടിയിൽ 210 കോടിയായിരുന്നു ഇലക്ടറൽ ബോണ്ട് സംഭാവന. കോൺഗ്രസിന് 2019–-20ൽ മൊത്തം ലഭിച്ച 469 കോടിയിൽ 318 കോടി ബോണ്ട് വിഹിതമാണ്. 2018–-19ൽ 383 കോടിയാണ് ബോണ്ടിലൂടെ സമാഹരിച്ചത്.
സമ്പന്ന പാർടി ബിജെപി
രാജ്യത്തെ ഏറ്റവും സമ്പന്ന പാർടിയാണ് ബിജെപി. 3501 കോടി രൂപയുണ്ട് പണമായി കൈവശം. 2019–-20ൽ 73 കോടി വിലവരുന്ന ഭൂമിയും 59 കോടിയുടെ കെട്ടിടവും ബിജെപി വാങ്ങി. ആളുകൾക്കും കമ്പനികൾക്കും സംഘടനകൾക്കും പേര് വെളിപ്പെടുത്താതെ പാർടികൾക്ക് സംഭാവന നൽകാനാകുന്ന ഇലക്ടറൽ ബോണ്ടുകൾ 2018ലാണ് നടപ്പാക്കിയത്. മുമ്പ് 20,000 രൂപയിൽ കൂടുതൽ നൽകുന്നവരുടെ പേരുകൾ പാർടികൾ വെളിപ്പെടുത്തണമായിരുന്നു.
2019–-20ൽ ബോണ്ടിലൂടെ തൃണമൂൽ കോൺഗ്രസിന് 100.46 കോടി കിട്ടി. എൻസിപിക്ക് 29.25 കോടിയും ഡിഎംകെയ്ക്ക് 45 കോടിയും ശിവസേനയ്ക്ക് 41 കോടിയും ആം ആദ്മി പാർടിക്ക് 18 കോടിയും ലഭിച്ചു.