തിരുവനന്തപുരം
സംസ്ഥാനത്ത് വാക്സിൻ വിതരണത്തിന് മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നൽകി ആരോഗ്യവകുപ്പ്. ജില്ലകളിൽ വിതരണത്തിന്റെ ഏകോപനം കലക്ടർമാർ നിർവഹിക്കും. തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനങ്ങൾ. അറുപതിനു മുകളിലുള്ളവരിൽ ആദ്യഡോസ് എടുക്കാത്തവർക്ക് 15ന് മുമ്പ് നൽകുന്നതാണ് ആദ്യഘട്ടം. ഇവരുടെ പട്ടിക തദ്ദേശടിസ്ഥാനത്തിൽ തയ്യാറാക്കും.
പതിനെട്ടിനു മുകളിലുള്ള കിടപ്പുരോഗികൾക്കും 15ന് മുമ്പ് വാക്സിൻ നൽകണം. ഈ വിഭാഗത്തിൽ വാക്സിനെടുക്കാത്തവർക്ക് മൊബൈൽ യൂണിറ്റിന്റെ സഹായത്തോടെ കുത്തിവയ്പ് നൽകുകയാണ് രണ്ടാമത്തെ പദ്ധതി. ഇവ രണ്ടും പൂർത്തിയായശേഷം വാക്സിന്റെ ലഭ്യത അനുസരിച്ച് മറ്റുള്ളവർക്ക് നൽകുന്നതാണ് മൂന്നാം ഘട്ടം. രോഗം വേഗം ബാധിക്കാനും ഗുരുതരമാകാനും സാധ്യതയുള്ളവർക്കായിരിക്കും ഇവിടെയും മുൻഗണന.
50 ശതമാനം സ്ലോട്ട് ഓൺലൈനായും 50 ശതമാനം സ്പോട്ട് രജിസ്ട്രേഷനും ഉപയോഗിക്കാം. ഓൺലെനിൽ രജിസ്റ്റർ ചെയ്യുന്നവർ പരമാവധി താമസിക്കുന്ന തദ്ദേശസ്ഥാപനത്തിൽത്തന്നെ സ്ലോട്ട് ബുക്ക് ചെയ്യണം. സ്വന്തം വാർഡിൽത്തന്നെയായാൽ കൂടുതൽ നല്ലത്. 60 വയസ്സിനു മുകളിലുള്ളവർ, കിടപ്പുരോഗികൾ, മറ്റ് ഗുരുതര രോഗമുള്ളവർ, മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് ഒന്നും രണ്ടും ഡോസ് വാക്സിനെടുക്കാം.