കോഴിക്കോട്
മുസ്ലിംലീഗ് നേതൃത്വത്തിൽനിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിക്കൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. നേതൃത്വത്തിൽ തുടരുമെന്ന സൂചന വിശ്വസ്തർക്ക് നൽകിയാണ് നീക്കം. ഉന്നതാധികാര സമിതിയോഗശേഷം രണ്ട് പ്രമുഖ നേതാക്കളെ അനുകൂലമായി രംഗത്തെത്തിച്ചത് ഇതിനുള്ള തെളിവാണ്. തനിക്കെതിരായ നീക്കം പാർടിയെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് പ്രചരിപ്പിച്ച് അണികളെയും ഇളക്കുന്നുണ്ട്.
ഉന്നതാധികാര സമിതിയോഗത്തിൽ ഒറ്റപ്പെട്ടതിന് പിന്നാലെ യൂത്ത്ലീഗ് കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചു. ഇതിന് ശേഷം മുൻ ജനറൽ സെക്രട്ടറി കെ പി എ മജീദ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചും മുഈൻ അലി തങ്ങളെ വിമർശിച്ചും രംഗത്തെത്തി. തൊട്ടടുത്ത ദിവസം ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമും കുഞ്ഞാലിക്കുട്ടിയെ ശക്തമായി ന്യായീകരിച്ചു.
ഇതിന്റെ തുടർച്ചയായിരുന്നു മുഈൻഅലിയെക്കൊണ്ട് ഫേസ്ബുക്ക് കുറിപ്പിറക്കിച്ചത്. കടുത്ത സമ്മർദത്തിന്റെ ഒടുവിൽ വന്ന ഈ കുറിപ്പ് മുഈൻ അലിയുടെ പിന്മാറ്റമായാണ് കുഞ്ഞാലിക്കുട്ടി പക്ഷം പ്രചരിപ്പിക്കുന്നത്. അടുത്ത കടമ്പ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്ന പത്തംഗ സമിതിയാണ്. അവിടെ വിമർശനങ്ങൾ മറികടക്കാനും തന്ത്രങ്ങൾ ഒരുക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി ഭൂരിപക്ഷം നേതാക്കളും വരില്ലെന്നുറപ്പാക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവം.