പാരിസ് > ബാഴ്സലോണ വിട്ട ലെയണൽ മെസി ഇനി നെയ്മറിനും എംബാപ്പെയ്ക്കുമൊപ്പം പിഎസ്ജിയിൽ. ഫുട്ബോൾ ഇതിഹാസം മെസി പിഎസ്ജിയുമായി ധാരണയിലെത്തിയതായി. 300 കോടി (35 ദശലക്ഷം യൂറോ) രൂപയാണ് വാർഷിക പ്രതിഫലം. ക്ലബുമായി രണ്ട് വര്‍ഷത്തേക്കാണ് കരാർ. മെസിയും കുടുംബവും ബാഴ്സലോണയിലെ എൽ പ്രാത് എയർപോർട്ടിൽ നിന്നും പാരിസിലേക്ക് പുറപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 വരെ കരാർ നീട്ടാനുള്ള സന്നദ്ധതയും പിഎസ്ജി അറിയിച്ചിട്ടുണ്ട്. ഈ ജൂണിൽ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ചതോടെ മെസി ഫ്രീ ഏജന്റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണം മൂലം കരാറിലെത്താൻ സാധിച്ചില്ല.
ബാഴ്സയുടെ മോശം സാമ്പത്തിക സ്ഥിതിയും ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുമാണ് 21 വർഷം നീണ്ട മെസി – ബാഴ്സ വൈകാരിക ബന്ധത്തിന് അവസാനമിട്ടത്. മെസി ബാഴ്സയിൽ തന്നെ തുടരുമെന്നും അതിനായി പ്രതിഫലം പകുതിയോളം കുറച്ചതായും വാർത്തകളുണ്ടായിരുന്നു. ലാ മാസിയയിലൂടെ വളർന്ന മെസിയ്ക്ക് ബാഴ്സയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും അതിനായി ക്ലബ് ശ്രമിക്കുമെന്നും ക്ലബ് പ്രസിഡന്റ് യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെ അപ്രതീക്ഷിതമായാണ് താരത്തെ നിലനിർത്തില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാഴ്സലോണയ്ക്കായി 778 കളികളിൽ നിന്നായി 672 ഗോളുകൾ മെസി നേടിയിട്ടുണ്ട്. 268 അസിസ്റ്റുകളും നടത്തി. 35 കിരീടനേട്ടങ്ങളിൽ ബാഴ്സയ്ക്കൊപ്പമുണ്ടായിരുന്ന മെസി 6 തവണ ബലോൻ ദി ഓർ പുരസ്കാരവും 6 തവണ ഗോൾഡൻ ബൂട്ടും 8 തവണ ലാലിഗയിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട്.