കണ്ണൂർ ആർടി ഓഫീസിൽ നടത്തിയ അതിക്രമത്തിൽ പിടിയിലായ യുട്യൂബ് വ്ലോഗർമാർക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സബ് ജയിലിൽ നിന്നും ഇന്ന് വൈകുന്നേരം ആറേകാലിനാണ് മോചിതരായത്. എബിനും ലിബിനും പ്രത്യേക വാഹനത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവരെ സ്വീകരിക്കാൻ അമ്മയും ഭാര്യയുമെത്തിയിരുന്നു. ബൊലേറോ ജീപ്പിലാണ് ഇവർ സ്വന്തം വീടായ ഇരിട്ടി കരി കോട്ടക്കരിയിലേക്ക് മടങ്ങിയത്.
പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടയുകയും ചെയ്തെന്ന കേസിലാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്ലോഗർമാരായ എബിനും ലിബിനും ജാമ്യം അനുവദിച്ചത്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ സമ്മതിച്ചിരുന്നു.
ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടർ മോണിറ്റർ തകർന്ന സംഭവത്തിൽ പണം അടക്കാൻ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനുള്ള പിഴ അടക്കുകയും എല്ലാ ബുധനാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയും ജാമ്യം ലഭിക്കുന്നതിനായി കോടതി മുന്നോട്ട് വെച്ചു. 25,000 രൂപയുടെ ആൾജാമ്യവും കോടതി ഉപാധിയായി വെച്ചു. ഇരുവരെയും ഇന്നു തന്നെ പുറത്തിറക്കാനാകുമെന്ന് അഭിഭാഷകൻ നേരത്തെ പറഞ്ഞിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂകണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായിഫോളോ ചെയ്യൂ