തിരുവനന്തപുരം
സപ്ലൈകോ ഓണം ഫെയറുകൾക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.കോവിഡ് മഹാമാരിക്കാലത്തും ജനങ്ങൾ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. പട്ടിണി കുറയ്ക്കാനും വിഷമതകൾ ഒഴിവാക്കാനും സർക്കാർ പരമാവധി ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റേത് സംസ്ഥാനത്തേക്കാളും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കേരളത്തിനായതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണത്തിനുള്ള സ്പെഷ്യൽ കിറ്റ് ഇതിനകം 12,72,521 പേർ വാങ്ങി. അനർഹരിൽനിന്ന് തിരികെ വാങ്ങിയ മുൻഗണനാ കാർഡുകൾ അർഹർക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും നിർവഹിച്ചു.
വിലക്കുറവിൽ വാങ്ങാം സാധനങ്ങൾ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഓണം ഫെയറുകളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്സിഡി വില ചുവടെ (നോൺ സബ്സിഡി വില ബ്രായ്ക്കറ്റിൽ): ചെറുപയർ- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വൻപയർ- 45 (80), തുവരൻ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).വിപണന കേന്ദ്രങ്ങളിൽനിന്ന് വാങ്ങുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കിഴിവും ലഭിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 16 മുതൽ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം.