കൊച്ചി
നാടാർ ക്രിസ്ത്യൻ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസ് വാദത്തിനായി 25ലേക്ക് മാറ്റി. മറാത്ത സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവ് കണക്കാക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. നാടാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധികസംവരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജികൾ പരിഗണിച്ചായിരുന്നു സിംഗിൾ ബെഞ്ച് സ്റ്റേ ഉത്തരവ്.
എന്നാൽ, സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയ സർക്കാർ, സിഎസ്ഐ നാടാർ വിഭാഗത്തിന് പുറത്തുള്ള നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ കേന്ദ്രപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗങ്ങളെ നാടാർ സംവരണ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ഹിന്ദു സേവാ കേന്ദ്രത്തിന്റെ ആവശ്യം ഹൈക്കോടതിതന്നെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.