തിരുവനന്തപുരം
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പുകൾ നൽകിയ പേരുകളടങ്ങിയ കരട് പട്ടികയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ബുധനാഴ്ച ഡൽഹിയിലെത്തും. ഇടങ്കോലിട്ട് നിൽക്കുന്ന ചില എംപിമാരുമായും ഹൈക്കമാൻഡ് പ്രതിനിധികളുമായും ചർച്ച നടത്തിയശേഷം 14ന് സുധാകരൻ മടങ്ങിയെത്തും. ഇവിടെ തുടർചർച്ച പൂർത്തിയാക്കി ഒറ്റപ്പേരുള്ള അന്തിമ പട്ടിക തയ്യാറാക്കി 16ന് പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാനാണ് നീക്കം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളിൽ മാരത്തൺ ചർച്ച നടത്തിയെങ്കിലും പല ജില്ലകളിലും സമവായമായില്ല. ഇതേത്തുടർന്നാണ് നീണ്ട പട്ടികയുമായി ഡൽഹിയിലേക്ക് പോകാൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തീരുമാനിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ തർക്കം രൂക്ഷമാണ്. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനെയാണ് നിർദേശിച്ചത്. ഇത് കെ സി വേണുഗോപാൽ അംഗീകരിക്കാനിടയില്ല. കണ്ണൂരിൽ കെ സുധാകരൻ നിർദേശിച്ച പേരിനെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് എതിർത്തു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലും ഐ ഗ്രൂപ്പിനുള്ളിലും തർക്കമാണ്.
ജില്ലകളിൽ പര്യടനം നടത്താനുള്ള സുധാകരന്റെ തീരുമാനം ഉപേക്ഷിച്ചു. ജില്ലകളിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, വി എം സുധീരൻ തുടങ്ങിയവരെ പാടെ അവഗണിച്ചു. എ, ഐ ഗ്രൂപ്പുകളും വി ഡി സതീശൻ, കെ സുധാകരൻ സഖ്യവും ചേർന്ന് ഡിസിസികൾ പങ്കിടുമെന്നാണ് സൂചന. കെ സി വേണുഗോപാൽ നിർദേശിക്കുന്ന ചിലരും കടന്നുകൂടും.