ഐക്യരാഷ്ട്ര കേന്ദ്രം
ദക്ഷിണ ചൈനാ കടലിലെ സുസ്ഥിരതയ്ക്കുള്ള ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന് യുഎൻ രക്ഷാസമിതിയിൽ ചൈന. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ 10 തെക്കുകിഴക്കൻ രാജ്യങ്ങളുടെ സംഘടന പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ നടപടിയെടുക്കുകയാണ്. 1994ൽ നിലവിൽവന്ന യുഎൻ സമുദ്രനിയമ ഉടമ്പടിയിൽ അംഗമാകുകയോ ഉടമ്പടി അംഗീകരിക്കുകയോ ചെയ്യാത്ത അമേരിക്ക സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിക്കുന്നത് പരിഹാസ്യമാണ്.
സമുദ്ര സുരക്ഷാ ചർച്ചയിൽ അമേരിക്ക ചൈനയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി അംബാസഡർ ദായ് ബിങ് പറഞ്ഞു. നേരത്തേ ചർച്ചയിൽ പങ്കെടുത്ത അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി ലംഘിച്ച് ദക്ഷിണ ചൈനാ കടലിൽ ചൈന സ്വാധീനം ഉറപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഡയറക്ടർ ജനറൽ ഗാദ വാലി തുടങ്ങിയവർ സംസാരിച്ചു.
കുറ്റകൃത്യങ്ങൾ കൂടി
മഹാമാരിക്കാലത്ത് സമുദ്രങ്ങളിൽ കുറ്റകൃത്യങ്ങൾ കൂടിയെന്ന് ഗാദ വാലി പറഞ്ഞു. 90 ശതമാനം തട്ടിക്കൊണ്ടുപോകലും ഗിനിയ കടലിടുക്ക് പ്രദേശത്താണ് റിപ്പോർട്ട് ചെയ്തത്. 30 മുതൽ 50 പേർ വരെയുള്ള കടൽക്കൊള്ളക്കാരുടെ ആറ് സംഘമാണ് പ്രധാന ഭീഷണി. 2019നെ അപേക്ഷിച്ച് 2020ന്റെ ആദ്യ പാതിയിൽ സായുധ കടൽക്കൊള്ള 20 ശതമാനം വർധിച്ചു. യൂറോപ്യൻ തുറമുഖങ്ങളിൽനിന്ന് റെക്കോഡ് അളവ് കൊക്കെയ്ൻ പിടികൂടിയെന്നും അവർ പറഞ്ഞു.