ന്യൂഡൽഹി > എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ അതത് സംസ്ഥാനത്തെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് സുപ്രീംകോടതി. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ ജഡ്ജിമാരെ സുപ്രീംകോടതി ഇതുസംബന്ധിച്ച് വീണ്ടും ഉത്തരവ് ഇറക്കുന്നതുവരെ സ്ഥലംമാറ്റരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ വിനീത് ശരൺ, സൂര്യകാന്ത് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന്ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
വിരമിക്കുന്ന ജഡ്ജിമാർക്ക് സുപ്രീകോടതിയുടെ നിർദേശം ബാധകമല്ല. അത്യാവശ്യം സ്ഥലംമാറ്റം വേണ്ടിവന്നാൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽമാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകണം–ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ച് കോടതി ഈ ഉത്തരവിട്ടു. അഭിഭാഷകയായ സ്നേഹ കലിതയുടെ സഹായത്തോടെ ഹൻസാരിയ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. മുസഫർനഗർ കലാപക്കേസുകളിൽ പ്രതികളായ സംഗീത് സോം, സുരേഷ് റാണ, കപിൽ ദേവ്, സാധ്വി പ്രാച്ചി എന്നീ എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നു. കർണാടകത്തിൽ എംഎൽഎമാർ പ്രതികളായ 61 കേസുകൾ പിൻവലിക്കാൻ സംസ്ഥാനസർക്കാർ കഴിഞ്ഞവർഷം ആഗസ്ത് 31നു ഉത്തരവിട്ടു. 2019 ഡിസംബർ 31നു മുമ്പ് രാഷ്ട്രീയപ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമിക്കുന്നുവെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.