കൊച്ചി > ഇ‐ബുൾജെറ്റ് സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരം റദ്ദാക്കി. അപകടകരമായ രീതിയൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങളുടെ ലംഘനത്തിനുമാണ് നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നടപടിയെടുത്തത്.
വ്ലോഗർമാർ അപ്ലോഡ് ചെയ്ത ചില വീഡിയോകൾ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവർ ഇതുവരെ അപ്പ്ലോഡ് ചെയ്ത വീഡിയോകൾ മുഴുവൻ പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ് ചെയ്യാതിരിക്കാൻ യൂട്യൂബിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്ലോഗർമാർക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി വീഡിയോകൾ ഫ്രീസ് ചെയ്യും. ബിഹാറിലെ റോഡില്കൂടി ആംബുലന്സുകള്ക്ക് സമാനമായ സൈറണ് മുഴക്കി അമിത വേഗത്തില് പോകുന്ന വീഡിയോ പരിശോധിക്കുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു. സൈറണ് ശബ്ദം കേട്ട് പൊലീസ് വാഹനമടക്കം ഇവര്ക്ക് വഴിമാറികൊടുക്കുന്നതും, ആംബുലന്സ് ആണെന്ന് തെറ്റിധരിച്ച് ടോള് ബൂത്തില് പണം നല്കാതെ കടന്നുപോകുന്നതും വീഡിയോയില് കാണാം.
വാൻ ലൈഫ് യാത്രകൾ നടത്തി യൂട്യൂബിൽ വിഡിയോ പങ്കുവെക്കുന്ന ഇ‐ബുൾ ജെറ്റ് വ്ലോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകിയിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂടൂബിലൂടെ പങ്കുവെച്ച ഇവർ എംവിഡി ഓഫീസിലേക്ക് വരാൻ ആരാധകരോട് ആഹ്വാനം ചെയ്യുകയായിരുന്നു. തുടർന്ന് എംവിഡി ഓഫീസിൽ എത്തിയ ഇവർ ബഹളം വെക്കുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ആർടിഒ പ്രമോദ് കുമാറിന്റെ പരാതിയിൽ കേസെടുത്ത കണ്ണൂർ ടൗണ് പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കൊവിഡ് മാനദണ്ഡം ലംഘിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരുടെ അറസ്റ്റിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ 17 പേർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇതിനിടെ കോടതി റിമാൻഡ് ചെയ്ത സഹോദരങ്ങൾ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യഹർജി നൽകി.