ന്യുഡൽഹി > പെഗാസസ് കേസിൽ വാദം കേൾക്കുന്നത് സുപ്രിം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി. മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യമായിരിക്കെ വെള്ളിയാഴ്ചയ്ക്ക് മുമ്പ് കേസ് പരിഗണിക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ നവമാധ്യമങ്ങളിലും മറ്റും സമാന്തര ചർച്ച പാടില്ലെന്ന് കോടതി നിര്ദ്ദേശിച്ചു. പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകും അതെല്ലാം കോടതിയ്ക്കുള്ളിലാണ് ഉന്നയിക്കേണ്ടതും കോടതി പറഞ്ഞു. കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിന് തിങ്കളാഴ്ച വരെ കാത്തിരിക്കാൻ ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.
ഇസ്രയേൽ കമ്പിനിയായ എൻഎസ്ഒ ഗ്രൂപ്പുമായി ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് ഇന്നലെ കേന്ദ്ര പ്രതിരോധ സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ഹര്ജി പരിഗണിക്കവെ ഫോൺ ചോർത്തല് ആരോപണം ഗൗരവമുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് സൂര്യകാന്തും നിരീക്ഷിച്ചിരുന്നു.