ന്യൂഡൽഹി
വിനാശകരമായ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ ചൊവ്വാഴ്ച വൈദ്യുതി മേഖലയിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റി. ബിൽ സഭയില്‍ അവതരിപ്പിക്കാത്തതിനാലാണ് തീരുമാനമെന്ന് നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് (എൻസിസിഒഇഇഇ) അറിയിച്ചു. പാർലമെന്റ് ചേരുന്ന 13 വരെ ഏതെങ്കിലും ദിവസമോ ഭാവിസമ്മേളനത്തിലോ ബിൽ അവതരിപ്പിച്ചാൽ അപ്പോൾ പണിമുടക്ക് നടത്തും.
ഭരണഘടനാ വിരുദ്ധമായ ബില്ലിനെതിരെ ‘ജനാധിപത്യം സംരക്ഷിക്കൂ, ഊർജമേഖലയെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയും ഡൽഹിയിൽ വൈദ്യുതി ജീവനക്കാർക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും ചൊവ്വാഴ്ച രാജ്യത്തെ എല്ലാ വൈദ്യുതി ഓഫീസിനും സ്ഥാപനങ്ങൾക്കും മുന്നിൽ ഒരു മണിക്കൂർ പ്രതിഷേധപരിപാടി സംഘടിപ്പിക്കും. രാജ്യത്തെ പൊതുവൈദ്യുതി സംവിധാനത്തെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിന് പിന്തുണ നൽകുന്ന എല്ലാവരെയും കോ–-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പ്രശാന്ത എൻ ചൗധരി അഭിവാദ്യം ചെയ്തു.