സിംഗപ്പുർ
ആറാം മാസത്തിൽ ഒരു ആപ്പിളിന്റെ തൂക്കവുമായി പിറന്ന ക്വെക് യു സ്വാൻ ഒടുവിൽ ആശുപത്രി വിട്ടു. 13 മാസത്തെ തീവ്രപരിചരണത്തിനൊടുവിലാണിത്. ലോകത്തിലെ ഏറ്റവും തൂക്കം കുറഞ്ഞ കുഞ്ഞായി 2020 ജൂൺ ഒമ്പതിന് സിംഗപ്പുർ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ക്വെക് ജനിച്ചത്. 24 സെന്റീമീറ്റർ നീളവും 212 ഗ്രാം തൂക്കവുമാണ് ഉണ്ടായിരുന്നത്.
അമ്മ വോങ് മെയ് ലിങ്ങിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ആറാം മാസത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അതിജീവിക്കാൻ സാധ്യത കുറവെന്ന് വിധിച്ച വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയാണ് ക്വെക് വീട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോൾ 6.3 കിലോയുണ്ട്. ശ്വാസകോശപ്രശ്നങ്ങളുണ്ടെങ്കിലും കുഞ്ഞ് വേഗത്തിൽ പൂർണആരോഗ്യവതിയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.