തിരുവനന്തപുരം
സംസ്ഥാനത്ത് 20,000 യുവതീ സംരംഭക യൂണിറ്റ് രൂപീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. വിദ്യാസമ്പന്നരായ യുവതികൾക്ക് തൊഴിൽ അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. വാർഡിൽ കുറഞ്ഞത് ഒരു യൂണിറ്റ് ഉറപ്പാക്കും. പദ്ധതിക്കായി കുടുംശ്രീ ഉപഘടകം രൂപീകരിക്കുമെന്നും ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
പതിനെട്ടിനും നാൽപ്പതിനുമിടയിൽ പ്രായമുള്ളവരായിരിക്കും ഗുണഭോക്താക്കൾ. ആയിരത്തിൽ അഞ്ചുപേർക്കെങ്കിലും പുതിയ തൊഴിൽ എന്നതാണ് പദ്ധതി ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളെ മുഖ്യതൊഴിൽദായക സ്ഥാപനങ്ങളാക്കി മാറ്റും. രണ്ടു മാസത്തിനുള്ളിൽ യൂണിറ്റുകൾ നിലവിൽവരും. സംയോജിത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കും. പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കും വകുപ്പ് മേധാവി. ജനുവരിക്കുള്ളിൽ തദ്ദേശസ്ഥാപന സേവനങ്ങളെല്ലാം വാതിൽപ്പടിയിലോ വിരൽത്തുമ്പിലോ ലഭ്യമാകും. 213 സേവനമാണ് ഓൺലൈനിലാകുക. ഇതിനായി ഐഎംകെയെ ചുമതലപ്പെടുത്തി. അതിദരിദ്രരെ ക ണ്ടെത്താനുള്ള സർവേ ഉടൻ ആരംഭിക്കും. ഈ വർഷം പൂർത്തിയാക്കും. അഞ്ചുവർഷത്തിനുള്ളിൽ ഈ കുടുംബങ്ങളെ പൂർണമായും പുനരധിവസിപ്പിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ ശാസ്ത്രീയ മാലിന്യ നിർമാർജന പദ്ധതി അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. പദ്ധതിക്കായി 2500 കോടി രൂപ ലോക ബാങ്ക് സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.