തിരുവനന്തപുരം
ആഭ്യന്തര പ്രശ്നത്തിൽ ഉലയുന്ന മുസ്ലിംലിഗ് പ്രതിസന്ധിയുടെ പേരിൽ സിപിഐ എമ്മിനെ പഴിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നം കൂടുതൽ രൂക്ഷമാകും. ലീഗ് സംസ്ഥാന അധ്യക്ഷന് ഇഡി നോട്ടീസ് അയച്ചതും ചന്ദ്രിക പത്രത്തിലെ പ്രശ്നവുമടക്കം ജനങ്ങളിൽ ചർച്ചയായി. ചന്ദ്രികയിലെ ജീവനക്കാർ തന്നെ നോട്ടീസ് പ്രസിദ്ധീകരിച്ചു.
ലീഗ് ഹൗസിൽ വാർത്താസമ്മേളനം നടത്തിയ മുഊൻ അലി തങ്ങളെ ഇറക്കിവിട്ടതും ജനം കണ്ടു. തുടർന്ന് കുടുംബയോഗമടക്കം പലവിധ യോഗം. കമ്മിറ്റിയിൽ ഇല്ലാത്തവർ പോലും പങ്കെടുത്തു. വാർത്താസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിയെ നിശ്ശബ്ദനാക്കി. ഇതൊന്നും ലീഗിൽ പതിവുള്ളതല്ല. അവർ അകപ്പെട്ടിട്ടുള്ള പ്രതിസന്ധിയുടെ ആഴമാണ് കാണിക്കുന്നത്. കാലങ്ങളായി പുകയുന്ന പ്രശ്നങ്ങളും അഭിപ്രായവ്യത്യാസവുമാണ് അത്. ആ പാർടിയിലെ പ്രശ്നമാണത്. പക്ഷേ, രാഷ്ട്രീയ പാർടിയെന്നനിലയിൽ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് കണ്ടത്. പ്രശ്നം സിപിഐ എമ്മിന്റെ തലയിലിട്ട് തടിതപ്പാൻ ശ്രമിക്കണ്ട. അതുകൊണ്ടെന്നും ലീഗ് നേതൃത്വം രക്ഷപ്പെടില്ല.
എൽഡിഎഫിന് ന്യൂനപക്ഷവിരുദ്ധ നിലപാടാണ് എന്നുള്ള ലീഗ് നേതാക്കളുടെ വാദം വിചിത്രമാണ്. പറയുന്നവർക്കുതന്നെ അത് വിശദീകരിക്കാനാകുന്നില്ല. ജനം അത് പുച്ഛിച്ചുതള്ളും. അധികാരം കിട്ടാത്ത നിരാശയിൽ ലീഗിന് എൽഡിഎഫിനോട് വിരോധമുണ്ട്. എൽഡിഎഫ് സർക്കാർ ന്യൂനപക്ഷത്തിന്റെയടക്കം പിന്തുണ നേടിയാണ് ഭരിക്കുന്നത്. വികസന, ക്ഷേമ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നു.
അധികാരത്തിലിരുന്ന കാലത്തെല്ലാം ലീഗ് അഴിമതി നടത്തി പണമുണ്ടാക്കിയവരാണ്. പാലാരിവട്ടം പാലമടക്കമുള്ള അഴിമതി പുറത്തുവന്നു. താമസിയാതെ കോൺഗ്രസിലും തർക്കമുണ്ടാകും. യുഡിഎഫിൽ ഉണ്ടാകാൻ പോകുന്ന വലിയ പ്രതിസന്ധിയുടെ തുടക്കമാണ് ഇതെന്നും വിജയരാഘവൻ പറഞ്ഞു.