ന്യൂഡല്‍ഹി> ജനക്ഷേമകരമായ വിധത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍ നയങ്ങള്‍ അംഗീകരിച്ചാണ് ജനങ്ങള്‍ ഭരണത്തുടര്‍ച്ച സമ്മാനിച്ചതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫിന്റെ വിജയത്തെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. ആവര്‍ത്തിച്ച് ഉറപ്പിച്ച വിശ്വാസത്തിന് ജനങ്ങളോട് നന്ദി പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളും കോവിഡ് മഹാമാരിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ട രീതിയും ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതും കേരളത്തിന്റെ മതനിരപേക്ഷ, ജനാധിപത്യസ്വഭാവം കാത്തുസൂക്ഷിച്ചതുമാണ് വിജയത്തിന് അടിസ്ഥാനം. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ചതാണ് എല്‍ഡിഎഫ് വിജയം. സ്ഥാനാര്‍ഥികളെയും മന്ത്രിമാരെയും തീരുമാനിച്ചതില്‍ സിപിഐ എം എടുത്ത തീരുമാനം ജനങ്ങള്‍ അംഗീകരിച്ചു. പുതിയ തലമുറയെ ജനങ്ങള്‍ സ്വാഗതം ചെയ്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.