കൊല്ലം> സ്ത്രീയുടെ പേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്കിനു സമീപം പീടികത്തറയിൽ ഷറഫുദീൻ എന്ന സൈനുദീൻകുട്ടി (39) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്ക് മെസഞ്ചർ വഴി അശ്ലീല വീഡിയോ ലഭിച്ച കരുനാഗപ്പള്ളി സ്വദേശിനി സിറ്റി പൊലീസ് കമീഷണർ ടി നാരായണന് പരാതി നൽകുകയായിരുന്നു.
വിദേശത്തായിരുന്ന ഇയാൾ സ്ത്രീയുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ തെരഞ്ഞുപിടിച്ച് സൗഹൃദം സ്ഥാപിച്ചു. സംസ്ഥാനത്തുടനീളം നൂറിലേറെ സ്ത്രീകളുമായി ചാറ്റുചെയ്ത് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതായും പൊലീസ് പറഞ്ഞു. വിവാഹം കഴിച്ച് പാലക്കാട് ചെർപ്പുളശ്ശേരിയിൽ താമസ്സമാക്കിയ സൈനുദീൻകുട്ടി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
സി ബ്രാഞ്ച് എസിപി സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച് മുഹമ്മദ് ഖാൻ, എസ്ഐമാരായ മനാഫ്, അജിത്ത്, എഎസ്ഐ എ നിയാസ്, സീനിയർ സിപിഒമാരായ അരുൺ, സതീശ്, രാജിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണിൽനിന്ന് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോൺ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.