ന്യുഡൽഹി > പെഗാസസ് ഫോൺ ചോർത്തൽ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. എൻഎസ്ഒ ഗ്രൂപ്പുമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ സർക്കാരുകൾക്കു മാത്രമാണ് പെഗാസസ് നൽകിയതെന്ന് നിർമാതാക്കളായ എൻഎസ്ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
പെഗാസസ് വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രിം കോടതിയിൽ ചൊവ്വാഴ്ച വാദം തുടരാനിരിക്കെയാണ് കേന്ദ്ര സർക്കാർ ഇസ്രയേൽ കമ്പിനിയായ എൻഎസ്ഒ ഗ്രൂപ്പുമായി ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് സഭയെ അറിയിച്ചത്. വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കവെ ഫോൺ ചോർത്തല്‍ ആരോപണം ഗൗരവമുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് സൂര്യകാന്തും നിരീക്ഷിച്ചിരുന്നു. ഹർജികളുടെ പകർപ്പ് കേന്ദ്രത്തിന് കൈമാറാൻ കോടതി നിർദേശിച്ചു. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണം നൽകാൻ സർക്കാർ നിർബന്ധിതരാകും. നിയമപരമല്ലാത്ത ചോർത്തൽ സാധ്യമല്ലെന്ന ഒഴുക്കൻ മറുപടിയുമായി തടിതപ്പാൻ കേന്ദ്രത്തിനാകില്ല.
കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ആരും എത്താതിരുന്നത് വിഷയം പരമാവധി നീട്ടാന്‍ ലക്ഷ്യമിട്ടാണ്. ചൊവ്വാഴ്ച ഹർജി പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന് കൂടുതൽ സമയം തേടാനാകും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കോടതി മേൽനോട്ടത്തില്‍ അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങാം. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്.