മാവേലി എക്സ്പ്രസിലെ സെക്കന്‍ഡ് എസി കംപാര്‍ട്ട്മെന്‍റ് യാത്രയ്ക്കിടെയാണ് മദ്യപിച്ചെത്തിയ രണ്ടുപേർ എംപിയെ അസഭ്യം പറഞ്ഞത്. തന്നെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് ഉണ്ണിത്താൻ പറയുന്നത്. എംപിയോട് രണ്ടുപേർ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഡല്‍ഹിയിലേക്ക് പോകാൻ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു ട്രെയിനിൽ എംപിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. എംഎല്‍എമാരായ എകെഎം അഷ്റഫ് , എന്‍എ നെല്ലിക്കുന്ന് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ എംപിയുടെ പരാതിയിൽ കണ്ണൂർ ആർപിഎഫാണ് കേസെടുത്തത്. പദ്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർക്കെതിരെയായിരുന്നു കേസെടുത്തത്. എംപി സഞ്ചരിച്ചിരുന്ന അതേ ബോഗിയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.
Also Read:
ആർപിഎഫിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസര്‍കോട് പോലീസാണ് പദ്മരാജന്‍ ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തത്. അസഭ്യം പറഞ്ഞതിനും കയ്യേറ്റ ശ്രമത്തിനുമാണ് കേസ് എടുത്തതെന്നാണ് റിപ്പോർട്ട്.