കവളങ്ങാട് > മഴ കനത്തതോടെ കിഴക്കൻ മേഖലയിൽ കാഴ്ചക്കാർക്കായി വിരുന്നൊരുക്കി വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ. പാലുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇതുവഴി എത്തുന്നത്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനുസമീപം സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടങ്ങൾ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
കോവിഡ് കാലമായതിനാൽ തിരക്കില്ലെങ്കിലും നിരവധി വാഹനയാത്രക്കാർ ഇവിടെനിർത്തി മനംകവരുന്ന കാഴ്ച ആസ്വദിച്ച് യാത്രതുടരുന്നുണ്ട്. മൂന്നുമാസംമുമ്പ് പൂർണമായും വെള്ളംവറ്റിയ ഇവിടെ തുടർച്ചയായി കനത്ത മഴ പെയ്തതോടെയാണ് സമൃദ്ധമായി ഒഴുകുന്നത്. കൊരങ്ങാട്ടി തലമാലിയിൽനിന്ന് ആരംഭിക്കുന്ന മലവെള്ളം ദേവിയാർ പുഴയിൽ എത്തുന്നതോടെ നീരൊഴുക്ക് വർധിക്കും.
ഇരുമ്പുപാലം ചില്ലിത്തോട്ടിൽനിന്നുൾപ്പെടെ ചെറുതും വലുതുമായ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് വാളറക്കുത്തിൽ എത്തുന്നത്. നേര്യമംഗലംമുതൽ വാളറവരെയുള്ള വനമേഖലയിൽ സഞ്ചാരികളുടെ മനംകവരുന്ന നിരവധി ചെറു വെള്ളച്ചാട്ടങ്ങൾ വേറെയുമുണ്ട്. വാളറയിൽ കെടിഡിസിയുടെ വഴിയോര വിശ്രമകേന്ദ്രവുമുണ്ട്. കാലങ്ങളായി അനാഥമായി കിടന്ന വിശ്രമകേന്ദ്രം എൽഡിഎഫ് സർക്കാർ വന്നതിനുശേഷമാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.
എന്നാൽ കോവിഡ് വ്യാപനം വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ വിനോദസഞ്ചാരികളുടെ പ്രധാനകേന്ദ്രമാക്കി മാറ്റാൻകഴിയും. കോവിഡ് ഭീതിയകലുന്നതോടെ സഞ്ചാരികളെത്തി ഇവിടം സജീവമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.