തൃശൂർ
രാജ്യത്ത് അതിവേഗം സാർവത്രികമായ സ്വകാര്യവൽക്കരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. ഡിസ്ട്രിക്ട് കോ––ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബിഇഎഫ്ഐ) സംസ്ഥാന ജനറൽ കൗൺസിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽപ്പോലും ചർച്ച ചെയ്യാതെയാണ് സർവമേഖലയിലും മോഡി സർക്കാർ സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടിയത്. സ്വദേശിവൽക്കരണത്തിന്റെ പേരിൽ ആഗോളവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെ വാചകക്കസർത്ത് നടത്തിയ സംഘപരിവാർ, ആദ്യ സർക്കാരിന്റെ കാലത്തുതന്നെ പൊതുമേഖല വിറ്റു തുലയ്ക്കാൻ മന്ത്രാലയമുണ്ടാക്കി. മന്ത്രിയേയും നിയോഗിച്ചു. കേരളത്തിൽ മോഡേൺ ബ്രഡും കോവളം കൊട്ടാരവുമെല്ലാം വിറ്റഴിച്ചത് ഈ സർക്കാരാണ്. പിന്നീട് വന്ന യുപിഎ സർക്കാരും സ്വകാര്യവൽക്കരണത്തിൽ വാജ്പേയി സർക്കാരിനോട് മത്സരത്തിനിറങ്ങുകയാണ് ചെയ്തത്.
എന്നാൽ, പൊതുമേഖലയെ ചേർത്തുനിർത്താൻ മാതൃകകാട്ടിയ രാജ്യത്തെ ഏകസർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ബ്രിട്ടനും പോലുള്ള വൻകിടരാജ്യങ്ങൾക്ക്പോലും കഴിയാത്തതാണ് കോവിഡ് കാലത്ത് പിണറായി സർക്കാർ തുടരുന്ന ജനക്ഷേമ നടപടികൾ. കോവിഡ് രോഗികൾക്ക് പൂർണമായും സൗജന്യ ചികിത്സ നൽകി. കേരള ബാങ്കിന്റെ രൂപീകരണം കേരളത്തിന്റെ വികസനത്തിനും സഹകരണ മേഖലയുടെ വളർച്ചയ്ക്കും അടിസ്ഥാനമാകും. സഹകരണമേഖലയിൽ നാമമാത്രമായെങ്കിലും പ്രകടമാകുന്ന ജീർണതകൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ഭരണസമിതികളും ജീവനക്കാരും സംഘടനകളും ജാഗ്രതയോടെ ഇത്തരം ജീർണതകളെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ആർ സരളാഭായി അധ്യക്ഷയായി. ഡിബിഇഎഫ് ജില്ലാ പ്രസിഡന്റ് യു പി ജോസഫ്, ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, ഡിബിഇഎഫ് സംസ്ഥാന സെക്രട്ടറി വി ബി പത്മകുമാർ, വി എ രമേഷ്, ടി ആർ രമേഷ്, വി സുഭാഷ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. സംസ്ഥാന സെക്രട്ടറി വി ബി പത്മകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ഭാരവാഹികൾ മാത്രം തൃശൂരിലും ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ അതത് ജില്ലാ കേന്ദ്രങ്ങളിലുമാണ് പങ്കെടുക്കുക. സമ്മേളനം വൈകിട്ട് സമാപിക്കും.