കൊച്ചി
ബിഡിഎസ് ഹൗസ് സർജൻ മാനസയെ കൊല്ലാൻ രഖിൽ ബിഹാറിൽനിന്ന് തോക്ക് എത്തിച്ചത് ഓരോ ഭാഗങ്ങളായി തിരിച്ച്. ബിഹാറിലെ ആയുധ വ്യാപാരസംഘം തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയതിനോടൊപ്പം തോക്ക് വിവിധഭാഗങ്ങളായി വേർതിരിക്കാനും പഠിപ്പിച്ചിരുന്നു. വേർതിരിക്കുന്ന ഭാഗങ്ങൾ തിരികെ തോക്കാക്കി മാറ്റുന്നരീതിയും സംഘം നൽകുന്ന പരിശീലനത്തിന്റെ ഭാഗമാണ്. പരിശീലനം നേടിയശേഷമാണ് രഖിൽ തോക്കുമായി കേരളത്തിൽ എത്തിയത്. എവിടെവച്ചാണ് രഖിൽ വിവിധഭാഗങ്ങൾ ചേർത്തുവച്ച് തോക്കാക്കി മാറ്റിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. കോതമംഗലത്ത് രഖിൽ വാടകയ്ക്ക് താമസിച്ച വീട്ടിൽവച്ചാണ് ഇതെന്നാണ് പൊലീസ് നിഗമനം.
ബിഹാറിലെ വിവിധ പ്രദേശങ്ങളിൽനിന്ന് തോക്ക് ഇത്തരത്തിൽ കേരളത്തിലേക്ക് എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾക്കും റിയൽ എസ്റ്റേറ്റ് മാഫിയക്കും തോക്ക് എത്തുന്നത് പ്രധാനമായും ബിഹാറിൽനിന്നാണ്. കേരളത്തിലേക്ക് ജോലിക്കായി എത്തുന്ന അതിഥിത്തൊഴിലാളികൾവഴി തോക്ക് എത്തുന്നുണ്ട്. ഇവരും വിവിധഭാഗങ്ങളായി വേർതിരിച്ചാണ് കൊണ്ടുവരുന്നത്. ഇതിനാൽത്തന്നെ കണ്ടെത്തുക പ്രയാസമാണ്. ഏതുതരം തോക്കിന്റെയും ഡ്യൂപ്ലിക്കറ്റ് നിർമിക്കുന്ന സംഘങ്ങൾ ബിഹാറിലുണ്ട്. രണ്ടുലക്ഷം രൂപയ്ക്കുമുകളിൽ വിലയുള്ള ഫാക്ടറി മെയ്ഡ് തോക്കുകൾ 30,000–-60,000 രൂപയ്ക്ക് ഇവിടെ ലഭിക്കും. തോക്കിന്റെ വെടിയുണ്ടകളും ഒപ്പം നൽകും.