ചിറ്റാർ
കനത്ത മഴയിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളിലേക്ക് ശക്തമായ നീരൊഴുക്ക്. ഞായറാഴ്ചത്തെ ജലനിരപ്പ് 68.45 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 50.15 ശതമാനമായിരുന്നു. 19 ശതമാനം അധികം.
പദ്ധതി പ്രദേശത്ത് ഒരാഴ്ചയായി പെയ്ത മഴയിൽ 45 മില്യൺ ക്യുബിക്ക് മീറ്റർ വെള്ളം ഒഴുകിയെത്തി. 527 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അധികമായി കിട്ടി. മൂന്ന് മാസം ഉൽപാദനം നടത്താനുള്ള വെള്ളം സ്റ്റോക്കുണ്ട്. ശരാശരി 6.5 മില്യൺ യൂണിറ്റാണ് ശബരിഗിരി പവർ ഹൗസിലെ പ്രതിദിന ഉൽപാദനം. കക്കിയിൽ 52 മില്ലി മീറ്ററും പമ്പയിൽ 21 മില്ലി മീറ്ററും മഴ ലഭിച്ചു .
പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ കക്കി- ആനത്തോട് അണക്കെട്ടിൽ 972.92 മീറ്ററാണ് ജലനിരപ്പ്. ശേഷിയുടെ 70.87 ശതമാനം. കൊച്ചുപമ്പ അണകെട്ടിൽ 973.80 മീറ്റർ ജലനിരപ്പുണ്ട്. ശേഷിയുടെ 34 ശതമാനം. കക്കി-യിൽ 981.45 മീറ്ററും കൊച്ചുപമ്പയിൽ 986.66 മീറ്ററുമാണ് ശേഷി. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവെെദ്യുത പദ്ധതിയായ ശബരിഗിരി പവർ ഹൗസിൽ ആറ് ജനറേറ്ററാണുള്ളത്. ജലസംഭരണികളിലെ വെള്ളം പരമാവധി ഉപയോഗിക്കാൻ നാലാം നമ്പർ ഒഴികെ എല്ലാ ജനറേറ്ററും പൂർണ ലോഡിൽ പ്രവർത്തിക്കുന്നു. നാലാം നമ്പർ അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണ്. ആകെ 340 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.