തിരുവനന്തപുരം
വൈദ്യുതി നിയമഭേദഗതി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ സർവനാശത്തിന് കാരണമാകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. ‘വൈദ്യുതി ഭേദഗതി നിയമം ഉയർത്തുന്ന വെല്ലുവിളികൾ’ വിഷയത്തിൽ കെഎസ്ഇബിഒ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർദിഷ്ട ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ വൈദ്യുതി മേഖല പൂർണമായി മൂലധന ശക്തികൾക്ക് അടിയറ വയ്ക്കുകയാണ്. ഇത് ഊർജമേഖലയിൽ മാത്രമല്ല വ്യവസായ, വാണിജ്യ, സേവന, കാർഷിക മേഖലയടക്കമുള്ള മൊത്ത സാമ്പത്തിക വ്യവസ്ഥയുടെ നാശത്തിന് വഴിവയ്ക്കും. വൻ പ്രത്യാഘാതങ്ങളുമുണ്ടാകും. ഇതിനെ ചെറുത്തുതോൽപ്പിക്കണം.
ഭേദഗതിയിലൂടെ വിതരണരംഗത്തിന്റെ മേധാവിത്വം കമ്പോളശക്തികൾക്കാകും. ഉയർന്ന കാര്യക്ഷമത, പ്രസരണ–-വിതരണ നഷ്ടത്തിലെ കുറവ് തുടങ്ങിയ പ്രചാരണങ്ങളാണ് സ്വകാര്യവൽക്കരണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉയർന്നു കേട്ടത്. ഈ പ്രചാരണങ്ങളിൽ ഒരുവിഭാഗം വീഴുകയും ചെയ്തു. എന്നാൽ, ഇന്നു കാണുന്നത് എല്ലാ മേഖലകളിലുമുള്ളവർ വൈദ്യുതിരംഗത്തെ സ്വകാര്യവൽക്കരണത്തിന് എതിരെ ഒന്നിച്ച് നിൽക്കുന്ന കാഴ്ചയാണ്. ജനകീയ പ്രക്ഷോഭമായി ഇത് മാറിക്കൊണ്ടിരിക്കുകയാണെന്നും തപൻ സെൻ പറഞ്ഞു. ബി പ്രദീപ് മോഡറേറ്ററായി. കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, സുധ മഹാലിംഗം എന്നിവർ സംസാരിച്ചു. സത്യരാജ് സ്വാഗതവും നിത്യ നന്ദിയും പറഞ്ഞു. കെഎസ്ഇബിഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.