കണ്ണൂർ
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ പരസ്യപ്രവർത്തനത്തിന് തുടക്കമിട്ട രഹസ്യസമ്മേളനത്തിന്റെ വേദി കണ്ണൂരിലെ പിണറായി പാറപ്രമായിരുന്നു. എട്ട് പതിറ്റാണ്ടിനുശേഷം സിപിഐ എം കോൺഗ്രസിനും ആദ്യമായി പിറന്ന മണ്ണ് ആതിഥ്യമരുളുന്നു. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലംതന്നെ വേദിയാകുമ്പോൾ പിറക്കുന്നത് പുതുചരിതം. 1939ൽ, പാറപ്രം സമ്മേളനത്തിനുപിന്നാലെയാണ് വടക്കേ മലബാറിലാകെ എണ്ണമറ്റ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ഇരമ്പിയത്. കരിവെള്ളൂരും കാവുമ്പായിയും കയ്യൂരും തലശേരിയും മട്ടന്നൂരും മോറാഴയുമടക്കമുള്ള പടനിലങ്ങളിലൂടെ കണ്ണൂരും കേരളവും ചുവന്നു.
പാർടി കോൺഗ്രസ് കണ്ണൂരിലെന്ന പ്രഖ്യാപനത്തെ ആഹ്ലാദത്തോടെയാണ് നാട് വരവേൽക്കുന്നത്. വരുംദിവസങ്ങളിൽ വർഗ–-ബഹുജന സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പാർടി കോൺഗ്രസിനുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങും.
പാറപ്രത്ത് രഹസ്യസമ്മേളനമായിരുന്നതിനാൽ രേഖകൾ ലഭ്യമല്ലെങ്കിലും പങ്കെടുത്തവരുടെ ഓർമയാണ് ചരിത്രമായി രേഖപ്പെടുത്തിയത്. ഇ എം എസ് എഴുതി–- “തീർത്തും നിയമവിരുദ്ധമായ രീതിയിൽ ഒരു സംഘടന മുമ്പുതന്നെ രൂപീകരിച്ചിരുന്നു. അധികം പേർക്കും അത് അറിയുമായിരുന്നില്ല. എന്നാൽ, 1939 അവസാനത്തോടെ അർധ നിയമവിരുദ്ധാവസ്ഥയിൽ ചേർന്ന സമ്മേളനത്തിൽ സിപിഐയുടെ കേരള ഘടകത്തിന്റെ ആവിർഭാവം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.” (കമ്യൂണിസ്റ്റ് പ്രസ്ഥാനം: ഉത്ഭവവും വളർച്ചയും). പി കൃഷ്ണപിള്ള, കെ ദാമോദരൻ, ഇ എം എസ്, എ കെ ജി എന്നിങ്ങനെ 42 നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയത്.
23–-ാം പാർടി കോൺഗ്രസിലെത്തുമ്പോൾ പത്തുലക്ഷത്തിലേറെ അംഗങ്ങളുണ്ട് സിപി ഐ എമ്മിന്. 1964 ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെ കൊൽക്കത്തയിൽ ചേർന്ന ഏഴാം പാർടി കോൺഗ്രസിൽ സിപിഐ എം രൂപീകൃതമാകുമ്പോൾ അംഗസംഖ്യ 1,18,683 ആയിരുന്നു. ഇന്ന് രാജ്യമാകെ പടർന്ന് എട്ട് നിയമസഭകളിൽ പ്രാതിനിധ്യമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും തൊഴിലാളി, -കർഷക, -ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നു.