ന്യൂഡൽഹി > രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും സീറ്റ് നഷ്ടവും വ്യക്തമാക്കുന്ന കണക്കുകൾ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പുറത്തുവിട്ടു. ഐഐടികൾ, ഐഐഎസ്സി ബാംഗ്ലൂർ, എൻഐടികൾ, ഐഐഎസ്ഇആർകൾ, കേന്ദ്ര ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന അഞ്ച് ഐഐഐടികൾ മുതലായ 73 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷം ബിരുദതലത്തിൽ (undergraduate level) പ്രവേശനം നേടിയവരും, പഠനം നിർത്തി പോയവരുമായ വിദ്യാർത്ഥികളെ സംബന്ധിച്ച കണക്കുകളാണ് പുറത്തുവിട്ടത്.
സിപിഐ എം എം.പിമാരായ കെ സോമപ്രസാദ്, ഡോ. വി ശിവദാസൻ എന്നിവർ ഉയർത്തിയ ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ മറുപടിയായാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വ്യവസ്ഥയുടെ നടത്തിപ്പ് സംബന്ധിച്ച് എസ്എഫ്ഐ നടത്തിപ്പോരുന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് ഈ ചോദ്യം ഉയർത്തിയത്.
എസ്എഫ്ഐ നടത്തിയ വിശകലനം അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ ബിരുദതല വിദ്യാഭ്യാസത്തിൽ പിന്നോക്ക സമുദായങ്ങളിൽപ്പെട്ടവരായ, പട്ടിക ജാതി-പട്ടിക വർഗ്ഗക്കാരായ വിദ്യാർഥികൾ അവസര നഷ്ടം നേരിടുന്നതായി മനസ്സിലാക്കി. കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കഴിഞ്ഞ അഞ്ച് വർഷത്തെ ബിരുദതല കോഴ്സുകളിലെ പ്രവേശനകണക്കുകളിൽ പട്ടിക ജാതിക്കാർക്ക് കിട്ടേണ്ടിയിരുന്ന 683 സീറ്റുകളുടെയും, പട്ടിക വിഭാഗക്കാർക്ക് കിട്ടേണ്ടിയിരുന്ന 831 സീറ്റുകളുടെയും, ഒബിസി വിഭാഗത്തിന് കിട്ടേണ്ടിയിരുന്ന 591 സീറ്റുകളുടെയും കുറവാണുള്ളത്. ഇവയിൽ ഭൂരിഭാഗം കുറവുകളും എൻഐടികൾ, ഐഐഎസ്ഇആർകൾ, ഐഐടികൾ എന്നീ സ്ഥാപനങ്ങളിലാണ് കണ്ടത്. ഇതേ കാലത്ത് കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനമുപേക്ഷിച്ച വിദ്യാർത്ഥികളുടെ കണക്കിൽ 619 പട്ടിക ജാതിക്കാരും 365 പട്ടിക വിഭാഗക്കാരും 847 പിന്നോക്ക വിഭാഗക്കാരുമുണ്ട്. പഠനമുപേക്ഷിച്ചവരുടെ സംഖ്യ കഴിഞ്ഞ അഞ്ച് വർഷത്തിൽ പ്രവേശനം നേടിയ പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വിഭാഗക്കാരിലെ മുഴുവൻ വിദ്യാർത്ഥികളുടെ 2.4%, 2.9%, 1.7% തോതിൽ വരും. കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രവേശനത്തിലെ സംവരണ സംബന്ധിയായ 2006ലെ നിയമത്തിന്റെ പരിധിയിൽ വരാത്ത കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളെ ഈ വിശകലനത്തിൽ ഉൾപെടുത്തിയിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ റാങ്കിങ്ങിൽ മുമ്പിൽ നിൽക്കുന്ന ആദ്യ ഏഴ് ഐഐടികളിൽ പഠനുമപേക്ഷിച്ച ബിരുദവിദ്യാർത്ഥികളിൽ 63%ത്തോളവും പിന്നോക്ക സമുദായങ്ങളിൽ പെട്ടവരാണ്, അവരിൽ തന്നെ 40% പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗക്കാരാണ്. എൻഐഡി ഉത്തരഖണ്ഡ്, എൻഐടി വറംഗൽ, എൻഐടി കാലിക്കറ്റ് എന്നിവിടങ്ങളിൽ പഠനുമപേക്ഷിച്ച വിദ്യാർത്ഥികളിൽ യഥാക്രമം 42%, 40%, 30% പേർ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗക്കാരാണ്. ഇവിടങ്ങളിലെ ബിരുദതല വിദ്യാർത്ഥി പ്രവേശനങ്ങളിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം കേവലം 24%, 23%, 20% ആയിരിക്കുമ്പോഴാണ് ഈ സ്ഥിതി വന്നിരിക്കുന്നത്. IISc, IISER കൾ, IIIT കൾ മുതലായ സ്ഥാപനങ്ങളിലെ സ്ഥിതിയും ഇതിന് വിഭിന്നമല്ല.
“ഐഐടികളിലെയും മറ്റ് കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഗവേഷണകോഴ്സുകളിലെ (PhD, MS) സംവരണച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം മുമ്പ് എസ്എഫ്ഐ ഉയർത്തുകയും, ഇപ്പോൾ ആ വിഷയം പട്ടിക ജാതി-പട്ടിക വർഗ്ഗ ക്ഷേമത്തിനായുള്ള പാർലിമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുമാണ്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്കായി ഞങ്ങൾ തുടർന്നും ഈ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കും” എന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും മയൂഖ് ബിശ്വാസും പുറപ്പെടുവിച്ച പ്രസ്താവാനയിൽ പറഞ്ഞു.
പട്ടികജാതി, പട്ടിക വർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് യഥാക്രമം 15%, 7.5%, 27% സീറ്റുകൾ സംവരണം ചെയ്യുന്ന കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന നിയമം 2006ന്റെ കൃത്യമായ നടപ്പിലാക്കൽ ഉറപ്പ് വരുത്താനും, എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക ജാതി, പട്ടിക വർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പ്രത്യേക സെല്ലുകൾ സ്ഥാപിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.