ബാഴ്സലോണയിൽ നിന്നുള്ള പുറത്തുപോകലിനെക്കുറിച്ച് സംസാരിക്കവേ കരച്ചിലടക്കാനാവാതെ സൂപ്പർതാരം ലയണൽ മെസി. ക്ലബ്ബിൽ നിന്നുള്ള പുറത്തുപോക്കിന് ശേഷം ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതിഹാസ താരം കണ്ണീരണിഞ്ഞത്.
778 മത്സരങ്ങൾ, അവയിൽ നിന്ന് 672 ഗോളുകൾ ഒപ്പം 10 ലീഗ് കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ക്ലബ്ബ് ലോകകപ്പുകളുമടക്കം 35 ട്രോഫികളും. ഇത്രയടും നേട്ടങ്ങളാണ് രണ്ടു പതിറ്റാണ്ടോളം നീണ്ട സീനിയർ ക്ലബ് കരിയറിൽ ബാഴ്സലോണയ്ക്കൊപ്പം മെസി സ്വന്തമാക്കിയത്.
ക്ലബ്ബിൽ നിന്നുള്ള മെസിയുടെ വിടവാങ്ങൽ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചില സഹതാരങ്ങളും ക്യാമ്പ് നൗവിൽ സന്നിഹിതരായിരുന്നു. സ്റ്റേജിൽ കയറിയപ്പോൾ ബാഴ്സലോണ ഇതിഹാസതാരം അവിടെ സംസാരിക്കാനായി ബുദ്ധിമുട്ടി. തനിക്കോ കുടുംബത്തിനോ ഇവിടം വിട്ട് പോകാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ബാഴ്സലോണ നഗരത്തിൽ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.
പെട്ടെന്നുള്ള ഈ വഴിത്തിരിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ബാഴ്സലോണയിൽ തുടരാൻ എല്ലാം ഒരുക്കിയിരുന്നെന്നും എന്നാൽ പിന്നീട് ലാലിഗ നിയമങ്ങൾ എല്ലാം മാറ്റിയെന്നും മെസ്സി പറഞ്ഞു. തനിക്ക് ബാഴ്സയിൽ തുടരാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ വർഷം മെസി സമ്മതിച്ചിരുന്നു. എന്നാൽ ഈ വർഷം അദ്ദേഹം ബാഴ്സയിൽ തുടരാൻ ശ്രമം നടത്തിയിരുന്നു.
Read More: മെസി ബാഴ്സലോണയില്‍ തുടരില്ല; സ്ഥിരീകരിച്ച് ക്ലബ്ബ്
“എന്റെ തലയിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നുപോയി. ഇപ്പോൾ ഈ ക്ലബ് വിട്ട് എന്റെ ജീവിതം മാറ്റുക എന്ന യാഥാർത്ഥ്യവുമായി ഞാൻ ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല. ഞങ്ങൾ അത് അംഗീകരിക്കുകയും മുന്നോട്ട് പോകുകയും വേണം. ഞാൻ അരങ്ങേറ്റം കുറിച്ച സമയം, അതാണ് എന്റെ സ്വപ്നം സാക്ഷാത്കരിച്ചത്, പിന്നീട് വന്നതെല്ലാം അതിശയകരമായിരുന്നു. എല്ലാം ആരംഭിച്ച ആ നിമിഷം ഞാൻ എപ്പോഴും ഓർക്കും,” മെസി പറഞ്ഞു.
“സത്യസന്ധമായി കഴിഞ്ഞ വർഷം പറഞ്ഞ വിഡ്ഢിത്തങ്ങളെല്ലാം എന്തെന്ന് അറിയാമായിരുന്നു. ന്നാൽ ഈ വർഷവും അത് പോലെയല്ല. ഈ വർഷം എനിക്കും എന്റെ കുടുംബത്തിനും ഉറപ്പുണ്ടായിരുന്നു, ഞങ്ങൾ ഇവിടെ വീട്ടിൽ തന്നെ തുടരുമെന്ന്, മറ്റെന്തിനേക്കാളും ഞങ്ങൾക്ക് വേണ്ടത് അതായിരുന്നു.”
“ഇവിടെ തുടരാൻ ഞാൻ എല്ലാം ചെയ്തിരുന്നു. എന്റെ ശമ്പളം 50 ശതമാനം കുറയ്ക്കാൻ ഞാൻ സമ്മതിച്ചിരുന്നു,” മെസി പറഞ്ഞു.
“ഞങ്ങൾക്ക് ചില നല്ല സമയങ്ങളും ചില മോശം സമയങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷേ ആളുകൾ എന്നോട് കാണിച്ച സ്നേഹം എല്ലായ്പ്പോഴും ഒരുപോലെയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കറ്റാലൻ ക്ലബ് വിടുമെന്ന പ്രഖ്യാപനത്തിന് ശേഷം നിരവധി ക്ലബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി പറഞ്ഞ് മെസ്സി തന്റെ ഭാവിയെക്കുറിച്ച് പ്രത്യേകമായി ഒന്നും സംസാരിക്കാതെയാണ് മെസി പ്രസംഗം അവസാനിപ്പിച്ചത്.
മെസി ബാഴ്സലോണയില്‍ തുടരില്ല എന്ന് സ്ഥിരികരിച്ച് ക്ലബ്ബ് അധികൃതര്‍ ഏതാനും ദിവസം മുൻപ് സ്ഥിരീകരിച്ചിരുന്നു. ക്ലബ്ബും താരവുമായുള്ള കരാര്‍ പുതുക്കിയില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Read More: ‘ഒരു സെല്‍ഫി’; മെസിയെ വളഞ്ഞിട്ട് പിടിച്ച് ആരാധകര്‍; വീഡിയോ
“ക്ലബ്ബും മെസിയും തമ്മില്‍ ഒരു കരാറില്‍ എത്തിയിരുന്നു. ഇന്നായിരുന്നു പുതിയ കരാർ ഒപ്പിടാനുള്ള അവസാന ദിനം. സാമ്പത്തികവും മറ്റു ചില തടസ്സങ്ങളും കാരണം മെസിയുമായുള്ള കരാര്‍ സംഭവിക്കില്ല,” എന്നായിരുന്നു ബാഴ്സലോണ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ർത്
“ഈ പശ്ചാത്തലത്തില്‍ മെസി ബാഴ്സയില്‍ തുടരില്ല. കളിക്കാരന്റേയും ക്ലബ്ബിന്റേയും താത്പര്യങ്ങള്‍ ഒരു പോലെ എത്താത്തതില്‍ ഖേദിക്കുന്നു. ക്ലബ്ബിന്റെ പുരോഗതിക്ക് മെസി നല്‍കിയ സംഭാവനയ്ക്ക് നന്ദി. എല്ലാ ആശംസകളും നേരുന്നു,” പ്രസ്താവനയില്‍ പറഞ്ഞു.
2000 ല്‍ ബാഴ്സയിലെത്തിയ മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനു വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല. 2004 ലാണ് താരം ബാഴസയുടെ സീനിയര്‍ ടീമില്‍ ഇടം നേടിയത്. പിന്നീട് ഇടം കാലിലെ വിസ്മയം ലോക മുഴുവന്‍ കണ്ടു. 21 വര്‍ഷം നീണ്ടു നിന്നു മെസിയും ബാഴ്സയും തമ്മിലുള്ള ആത്മബന്ധം.
ബാഴസലോണയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളും നേടി. ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ഗോള്‍ നേടിയ താരവും മെസയാണ്. നാല് തവണ ചാമ്പ്യന്‍സ് ലീഗും, പത്ത് തവണം സ്പാനിഷ് ലാ ലിഗ കിരീടവും സ്വന്തമാക്കി.
The post ‘ഞാൻ ഇപ്പോൾ മടങ്ങിവരില്ല; ഇത് ബാഴ്സയിലെ അവസാന ദിനം;’ കണ്ണീരണിഞ്ഞ് മെസി appeared first on Indian Express Malayalam.