കൊച്ചി > കോതമംഗലം നെല്ലിക്കുഴിയിൽ ബിഡിഎസ് ഹൗസ് സർജൻ മാനസയെ വെടിവെച്ച് കൊന്ന കേസിൽ രാഖിലിന് തോക്ക് കൈമാറിയ പ്രതികളെ എത്തിച്ചു. തോക്ക് കൈമാറിയ ബിഹാർ മുൻഗെർ ജില്ല പർസന്തോ ഗ്രാമത്തിലെ സോനുകുമാർ (24), ഇടനിലക്കാരൻ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ(24) എന്നിവരെയാണ് ബീഹാറിൽ നിന്ന് വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചത്.
എറണാകുളം റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ചോദ്യം ചെയ്യലിൽ രാഖിലിന് തോക്ക് കൈമാറിയത് കൂടാതെ മറ്റ് നിർണായക വിവരങ്ങളും ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. സോനുകുമാറിന്റെ ഫോണിൽ നിന്ന് ചില മലയാളികളുടെ ഫോൺ നമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇവർ സോനുകുമാർ വഴി തോക്ക് വാങ്ങിയിട്ടുണ്ടോ എന്നതും പരിശോധിക്കും.
രഖിലും ബിസിനസ്സ് പങ്കാളിയുമായ ആദിത്യനും ബംഗളൂരുവിൽ നടത്തിയ ഇന്റീരിയർ സ്ഥാപനത്തിൽ സോനുകുമാർ ജോലി ചെയ്തിരുന്നു. ഇതിനാൽ തന്നെ മലയാളികളുടെ ഫോൺ നമ്പറുകൾ ഫോണുകളിൽ ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നിഗമനം. എന്നാൽ, ഇതിൽ ആർക്കെങ്കിലും തോക്ക് കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.
ആറ് മാസത്തിടെ സോനുകുമാറിന്റെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും അന്വേഷണ സംഘം ആരംഭിച്ചു. പ്രതിയായ മനേഷ് കുമാർ തോക്ക് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന വ്യക്തമല്ല.















