ആലപ്പുഴ: തനിക്കെതിരായ പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ വിമർശനമുന്നയിച്ച മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന് ഡിവൈഎഫ്ഐ നേതാവിന്റെ മറുപടി കവിത. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതർക്കായി വഴിമാറുന്നെന്നും സുധാകരൻ കവിതയിലൂടെ വ്യക്തമാക്കിയിരുന്നു.
നാം ചെയ്തതിന്റെ ഗുണങ്ങൾ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യമെന്നാണ് ഡിവൈഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കൽ ഇതിന് മറുപടി നൽകിയിരിക്കുന്നത്. ഞാൻ എന്ന പേരിലാണ് ജി.സുധാകരന്റെ പേര് പരാമർശിക്കാതെയുള്ള കവിത അനു കോയിക്കൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം പുതിയ തലമുറയെ ക്ഷണിക്കുന്നതാണ് വാരികയിൽ പ്രസിദ്ധീകരിച്ച തന്റെ കവിതയെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നുമാണ് സുധാകരൻ ഇതിനോട് പ്രതികരിച്ചത്. കവിത നവാഗതർക്കാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
അനു കോയിക്കലിന്റെ കവിത
ഞാൻ
ഞാൻ ചെയ്ത ഗുണങ്ങൾ എത്രയെത്ര അനുഭവിച്ചു നിങ്ങൾ ……
തിരിച്ചെനിക്കൊ….നന്ദിയില്ലാ മുഖങ്ങൾ മാത്രം …
നന്ദി കിട്ടുവതിനായി ഞാൻ ചെയ്തതോ കേൾക്കുനിങ്ങൾ ….
രാജാവിനധികാരം ഉപയോഗിച്ചു ഞാൻ ….
പ്രജകൾ തൻ അഭിമനം ഞാനുണ്ടോ അറിവതു ….
അധികാരത്തിൻ ബലത്തിലല്ലോ ഞാനതു ചെയ്തതു …
അധികാരമൊഴിയുമോരുന്നാൾ എന്നതുണ്ടോ ഓർക്കുവതു ഞാൻ ….
പുതിയ പാദങ്ങൾ പടവുകൾ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓർത്തില്ല ഞാൻ …..
ഞാൻ ചെയ്വതിൻ ഗുണങ്ങൾ ഗുണങ്ങളായി തന്നെ …
എന്നിലെത്തുമെന്നതു മാത്രം സത്യം.















