മലപ്പുറം: മുസ്ലീം ലീഗിനുള്ളിലെ തർക്കത്തിൽ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി. ലീഗിൽ തർക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിയുടെ വിമർശനം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളത്. പാർട്ടിയിൽ എതിരഭിപ്രായക്കാരനോട് പകയില്ല. സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം.എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും ഷാജി ഫെയ്സ്ബുക്കിൽ കുറിച്ചു.
കെഎം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം.വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹൈദരലി തങ്ങൾക്ക് ഇ.ഡി നോട്ടീസ് ലഭിക്കാൻ കാരണം കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നാണ മുഈനലി തങ്ങളുടെ ആരോപണമാണ് ലീഗിനുള്ളിൽ തർക്കങ്ങളിലേക്ക് വഴിവെച്ചത്. 40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണൈന്നും കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുഈനലി ആരോപിച്ചിരുന്നു.
ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ മുഈനലി തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലീഗ് ഹൗസിലെ വാർത്താ സമ്മേളനത്തിനിടെ മുഈൻ അലിയെ അസഭ്യം പറഞ്ഞതിന് ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
content highlights:km shaji facebook post, dispute in muslim league