ടോക്യോ > ടോക്യോയില് ഇന്ത്യയ്ക്കായി ചരിത്രം രചിച്ച് നീരജ് ചോപ്ര. ഒളിമ്പിക്സ് ജാവലിന്ത്രോയില് സ്വര്ണം നേടിക്കൊണ്ടാണ് ഈ ഹരിയാനക്കാരന് ഇന്ത്യന് കായികചരിത്രത്തില് പുതുഅധ്യായമെഴുതിയത്. അത്ലറ്റ്ക്സില് ഇന്ത്യയ്ക്ക് ഇതുവരെ ഒരു മേഡല് നേട്ടംപോലും ഉണ്ടായിട്ടില്ല.
ഫൈനലില് ആദ്യ ശ്രമത്തില് നീരജ് കണ്ടെത്തിയത് 87.03. രണ്ടാം ശ്രമത്തില് 87.58 എന്ന ദൂരമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. മൂന്നാം ശ്രമത്തില് 76.79 ആണ് നീരജിന് കണ്ടെത്താനായത്. മത്സരത്തില് ലോകഒന്നാം നമ്പര് താരം യോഹന്നാസ് വെട്ടര് പുറത്തായി.
യൂത്ത് തലം മുതല് മികച്ചപ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുന്ന താരമാണ് നീരജ്. അണ്ടര് 20 ലോകചാമ്പ്യന്ഷിപ്പിലെ ചാമ്പ്യനായിരുന്നു. 88.06 മീറ്ററാണ് നീരജിന്റെ ദേശീയ റെക്കോര്ഡ്.
2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില് അവസാനമായി സ്വര്ണം നേടിയത്. ഷൂട്ടിങ്ങില് അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്. അത്ലറ്റിക്സില് 1900ലാണ് ഇന്ത്യ ഇതിന് മുന്പ് ഒരു മെഡല് സ്വന്തമാക്കിയത്. എന്നാല് അന്ന് ഇന്ത്യക്ക് വേണ്ടി നോര്മന് പ്രിച്ചാര്ഡ് എന്ന ബ്രിട്ടീഷ് താരമാണ് മത്സരിച്ചത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്ലറ്റിക്സില് മെഡല് നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.
നീരജിന്റെ നേട്ടത്തോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല് ഏഴായി. ഒരു സ്വര്ണം രണ്ട് വെള്ളി നാല് വെങ്കലം. ലണ്ടന് ഒളിംപിക്സിലെ ആറ് മെഡലുകള് എന്ന നേട്ടം ഇന്ത്യ ടോക്യോയില് മറികടന്നു.