ന്യൂഡൽഹി: അസം-മിസോറം അതിർത്തിയിൽ വീണ്ടും സംഘർഷം. മിസോറമിലേക്കുളള നാലുട്രക്കുകൾ അസമിലെ കചാർ ജില്ലയിൽ വെച്ച് നാട്ടുകാർ തകർത്തു.
അസം-മിസോറം അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിസോറമിലേക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാനിരോധനം അസം സർക്കാർ പിൻവലിച്ചിരുന്നു. ചരക്കുനീക്കത്തിനും അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ നടപടികളെ കാറ്റിൽ പറത്തിയാണ് ട്രക്കുകൾക്ക് നേരെ നാട്ടുകാർ തിരിഞ്ഞത്.
കരിംഗഞ്ചിൽ നിന്ന് മുട്ടയുമായി മിസോറമിലേക്ക് പോവുകയായിരുന്നു ട്രക്കുകൾ. വാഹനങ്ങൾ കചാർ ജില്ലയിൽ പ്രവേശിച്ചതോടെ പ്രദേശവാസികളിൽ ചിലർ വാഹനം തടഞ്ഞു. തുടർന്ന് ചരക്കുമായി എങ്ങോട്ടാണ് വാഹനം പോകുന്നതെന്നും അവർ അന്വേഷിച്ചു. മിസോറമിലേക്കാണ് യാത്രയെന്ന് പറഞ്ഞതോടെയാണ് പ്രദേശവാസികൾ ട്രക്കുകൾ തകർത്തത്. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്.
ജൂലായ് 26ന് അസം-മിസോറം അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും പോലീസ് സേനകൾ ഏറ്റുമുട്ടിയിരുന്നു. ഇതോടെ അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഇരുസംസ്ഥാനങ്ങളിലേയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുകയും അതിർത്തിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു.
പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരിക്കാനും ശാശ്വതപരിഹാരം കണ്ടെത്താനും കൂടിക്കാഴ്ചയിൽ തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഇരുസംസ്ഥാനങ്ങളും ഒപ്പു വെച്ചിരുന്നു. എന്നാൽ ഇതിന് പിറകേയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും അതിർത്തിയിൽ സംഘർഷമുണ്ടായത്.
Content Highlights: four mizoram-bound trucks vandalised in assam