Tokyo Olympics 2021: വനിതകളുടെ ഗോള്‍ഫ് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ അദിതി അശോക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 269 സ്ട്രോക്കുകളില്‍ നിന്നാണ് അദിതി 72 ഹോളുകള്‍ പൂര്‍ത്തിയാക്കിയത്. ഒന്നാമതെത്തിയ അമേരിക്കയുടെ നെല്ലി കോര്‍ഡ് 267 സ്ട്രോക്കുകള്‍ക്കുള്ളില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കി. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗോള്‍ഫ് ഫൈനലില്‍ കടക്കുന്നത്.
ആദ്യ മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ അദിതി രണ്ടാം സ്ഥാനത്തായിരുന്നു. മെഡല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ നിന്നാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാം റൗണ്ടില്‍ അദിതിക്ക് പ്രതീക്ഷിച്ചപോലെ നിലവാരം പുലര്‍ത്താനായില്ല. പ്രതികൂല കാലാവസ്ഥയും ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി.
ഒളിംപിക്സിലെ ഗോള്‍ഫ് നിയമങ്ങളും, പോയിന്റിനെക്കുറിച്ചും
ഒളിംപിക്സില്‍ 60 പേര്‍ പങ്കെടുക്കുന്ന നാല് റൗണ്ടുകളാണുള്ളത്. ഒരോ റൗണ്ടിലും 18 കുഴികള്‍ വീതം. അങ്ങനെ നാല് റൗണ്ടുകളിലുമായി 72 കുഴികളില്‍ ബോള്‍ എത്തിക്കണം.
ഒരോ കുഴികള്‍ക്കും ഇത്ര അടികള്‍ക്കൊണ്ട് എത്തിക്കണം എന്ന് ആദ്യം തന്നെ നിശ്ചയിക്കും. പൊതുവില്‍ ഇത് മൂന്ന് മുതല്‍ അഞ്ച് വരെയാണ്. എത്ര കുറവ് ശ്രമങ്ങള്‍ക്കൊണ്ട് കുഴിയില്‍ എത്തിക്കുന്നത് അനുസരിച്ചാണ് പോയിന്റ് നല്‍കുന്നത്. ഓരോന്നിനും പല ദൂരവും അതിനോത്ത് ബുദ്ധിമുട്ടുകളും ഉണ്ട്.
ഒരോ കുഴിയിലും പറഞ്ഞിരിക്കുന്ന അവസരങ്ങള്‍ക്കുള്ളില്‍ എത്തിച്ചാല്‍ അതിനെ പാര്‍ എന്ന് പറയും. ഇപ്പോള്‍ ഒരു കുഴിയിലേക്ക് എത്തിക്കാനായി നാല് തവണ അടിക്കാന്‍ നമുക്ക് അവസരം ഉണ്ട്. നാല് അവസരം കൊണ്ട് പൂര്‍ത്തിയാക്കിയാലാണ് പാര്‍ എന്ന് പറയുക. ഇത് നല്‍കുന്ന പോയിന്റ് പൂജ്യമാണ്.
അടുത്തത് നാല് അവസരം ഉണ്ടായിട്ട് കളിക്കാര്‍ മൂന്ന് അടികൊണ്ട് കുഴിയിലെത്തിച്ചാല്‍ അതിനെ ബേര്‍ഡി എന്ന് പറയും. ഒരു പോയിന്റായിരിക്കും ലഭിക്കുക. രണ്ട് അവസരം കൊണ്ട് എത്തിക്കുകയാണെങ്കില്‍ അതിനെ ഈഗിള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ട് പോയിന്റാണ് കിട്ടുക.
തന്നിരിക്കുന്ന അവസരങ്ങളേക്കാള്‍ കൂടുതല്‍ അടികള്‍ കുഴിയിലേക്ക് എത്തിക്കാന്‍ ആവശ്യമായി വന്നേക്കാം. കാലവസ്ഥയെല്ലാം ഇതിന് കാരണമാകാം. ഒരു സ്ട്രോക്ക് കൂടുതല്‍ എടുത്തെങ്കില്‍ അതിന് ബോഗെയ് എന്നാണ് പറയുക, രണ്ട് അവസരം അധികം എടുത്തെങ്കില്‍ ഡബിള്‍ ബോഗെയ് എന്നും പറയുന്നു. +1, +2 എന്നിങ്ങനെയാണ് പോയിന്റ് നല്‍കുക.
നാല് റൗണ്ടുകളിലുമായുള്ള 72 കുഴികളില്‍ വീഴ്ത്താന്‍ 288 സ്ട്രോക്കുകളാണ് ഒരു താരത്തിനുള്ളത്. ഇതില്‍ എത്ര കുറവ് സ്ട്രോക്കില്‍ എത്തിക്കുന്നവര്‍ക്കാണ് മെഡല്‍ ലഭിക്കുക.
Also Read: Tokyo Olympics 2020: പൊരുതി വീണു; വനിതാ ഹോക്കിയിൽ വെങ്കലമില്ലാതെ മടക്കം
The post Tokyo Olympics: ചരിത്ര മെഡല്‍ അദിതിക്ക് നഷ്ടം; അവസാന റൗണ്ടില്‍ നാലാം സ്ഥാനം appeared first on Indian Express Malayalam.