തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർവിഭാഗത്തെ സംവരണവിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച്ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകും.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം. മറാത്ത കേസിന് മുൻപ് സംവരണം തീരുമാനിച്ചുവെന്നാണ് സർക്കാർ വാദം. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സംവരണ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ചയാവും സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുക.
സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് കഴിഞ്ഞദിവസമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. എസ്. കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്. ചന്ദ്രൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.
മറാഠാ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവനുസരിച്ച് 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.
ഭേദഗതിപ്രകാരം, 2018 ഓഗസ്റ്റ് 15 മുതൽ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിന് ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. രാഷ്ട്രപതിക്കാണ് അധികാരം. മറാഠാ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി തീർപ്പാക്കുന്നതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
Content Highlights:Kerala Government to move appeal against stay order on Christian Nadar community reservation