കൊച്ചി
നാടാർ ക്രിസ്ത്യൻ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. സിഎസ്ഐ നാടാർവിഭാഗത്തിന് പുറത്തുള്ള നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഫെബ്രുവരി ആറിന് ഉത്തരവിറക്കിയിരുന്നു.
ഇത് ചോദ്യംചെയ്ത് കോട്ടയം പേരൂർ സ്വദേശി അക്ഷയ് എസ് ചന്ദ്രനും വട്ടിയൂർക്കാവ് സ്വദേശി കുട്ടപ്പൻ ചെട്ടിയാരും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഉത്തരവ്. സംസ്ഥാന പിന്നോക്ക കമീഷന്റെ ശുപാർശയിലാണ് സർക്കാർ സംവരണം ഏർപ്പെടുത്തിയത്. എന്നാൽ, ദേശീയ പിന്നോക്ക കമീഷനാണ് പിന്നോക്കാവസ്ഥ നിർണയിക്കേണ്ടതെന്നും രാഷ്ട്രപതിയാണ് പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സംവരണം നാടാർ ഹിന്ദു വിഭാഗങ്ങൾക്കുമാത്രമായി നിജപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.