ടോക്യോ
ഒളിമ്പിക്സ് അവസാനിക്കാൻ രണ്ടുദിനം ശേഷിക്കെ സുവർണ പ്രതീക്ഷ കെെവിടാതെ ഇന്ത്യ. പുരുഷൻമാരുടെ ജാവ്ലിൻ ത്രോയിൽ നീരജ് ചോപ്ര പ്രതീക്ഷയോടെ ഇറങ്ങുന്നു. മെഡൽ ലഭിച്ചാൽ അത്-ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ നേട്ടമാകും. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. മത്സരം ശനിയാഴ്ച വെെകിട്ട് 4.30നാണ്. വനിതാ ഗോൾഫിൽ ഒരു റൗണ്ട് ശേഷിക്കെ അദിതി അശോക് രണ്ടാമതുണ്ട്. ഗുസ്തിയിൽ വെങ്കല മെഡൽ പോരാട്ടത്തിനായി ബജ്റങ് പൂണിയ ഇറങ്ങും.
മൂന്ന് മലയാളികൾ ഉൾപ്പെട്ട പുരുഷ റിലേ ടീം ഏഷ്യൻ റെക്കോഡ് (3:00.25 സെക്കൻഡ്) സ്ഥാപിച്ചെങ്കിലും ഫൈനലിൽ എത്താനായില്ല. മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നിവർക്കൊപ്പം തമിഴ്നാട്ടുകാരനായ ആരോക്യ രാജീവുമാണ് അണിനിരന്നത്. വനിതാ ഹോക്കിയിൽ വെങ്കലത്തിനായുള്ള മത്സരത്തിൽ ഇന്ത്യ ബ്രിട്ടനോട് 3–-4ന് തോറ്റു. മുപ്പത്തിരണ്ട് സ്വർണവുമായി ചെെനയാണ് മുന്നിൽ. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുമായി 66–ാം സ്ഥാനത്താണ് ഇന്ത്യ.