കലിഫോർണിയ
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനും ചാരപ്പണി നടത്തിയതിനും ഗൂഗിൾ 80 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഓൺലൈൻ മാധ്യമമായ മദർബോർഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018നും 2020നും ഇടയിലുള്ള കാലയളവിലാണ് ഗൂഗിൾ ഇവരെ പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷംമാത്രം 36 പേരെ പിരിച്ചുവിട്ടു. ഇതിൽ ഭൂരിഭാഗവും രഹസ്യവിവരങ്ങൾ ചോർത്തിയവരാണ്. 2018ൽ 18 പേരെയും 2019ൽ 26 പേരെയും സുരക്ഷാപ്രശ്നത്തിന്റെ പേരിൽ പിരിച്ചുവിട്ടു. ഫെയ്സ്ബുക്കിനും സമാനസാഹചര്യമുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ 52 പേരെ 2014നും 2015നും ഇടയിൽ ഫെയ്സ്ബുക് പിരിച്ചുവിട്ടതായി മദർബോർഡ് പറയുന്നു.