കൊച്ചി: നാടാർ സംവരണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാരിന്റേത് നിയമപരമായി നിലനിൽക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാര അവകാശമുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി.
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിയിൽ ഉൾപ്പെടുത്തിയുള്ളസംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ ഹർജികളിൽ കോടതി വിശദമായി വാദം കേൾക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒബിയിൽ ഉൾപ്പെടുത്തിയുള്ള ഉത്തരവ്. ഇതിലൂടെ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാനും എൽഡിഎഫിന് സാധിച്ചിരുന്നുവെന്നാണ് വിലയിരുത്തൽ.
content highlights:high court stayed christian nadar obc reservation