ടോക്യോ> അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നാളെ ഇന്ത്യയ്ക്ക് മറ്റൊരു ഒളിമ്പിക്സ് മെഡൽ കൂടി ലഭിക്കും. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഇന്ത്യയെത്തിയ കസുമിഗാസെക്കി കൺട്രി ക്ലബ് ഗോൾഫ് കോഴ്സിൽ നിന്ന്. ഒപ്പം ഒളിമ്പിക്സിൽ ഇന്ത്യയുടെ പേരിൽ പുതുചരിത്രവും പിറക്കും. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ ഗോൾഫ് മത്സരത്തിൽ ഇന്ത്യയുടെ അദിതി അശോക് അവസാന റൗണ്ട് മത്സരങ്ങൾക്കായി ശനിയാഴ്ച ഇറങ്ങും.
മൂന്നാം റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ലോക ഒന്നാം റാങ്ക് താരം അമേരിക്കയുടെ നെല്ലി കോര്ഡയുടെ പിന്നിൽ രണ്ടാം സ്ഥാനത്താണ് അതിഥി (12 അണ്ടര് 201). മോശം കാലവസ്ഥയെ തുടർന്ന് നാലാം റൗണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചാലും വെള്ളി നേടാനാകും. മെഡൽ നേടാനായാൽ ഗോൾഫിൽ ഇന്ത്യയ്ക്കായി ഒളിമ്പിക് പോഡിയം കയറുന്ന ആദ്യ താരമാകും അദിതി.
മത്സരത്തിലെ എല്ലാ റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത ഇരുപത്തിമൂന്നുകാരി നിലവിൽ കോര്ഡയേക്കാൾ മൂന്ന് സ്ട്രോക്കുകൾ പിന്നിലും മൂന്നാമതുള്ള ന്യൂസിലാൻഡിന്റെ ലിഡിയ കോയെക്കാൾ രണ്ട് സ്ട്രോക്കുകൾ മുന്നിലുമാണ്.
2013 ഏഷ്യൻ യൂത്ത് ഗെയിംസ്, 2014 യൂത്ത് ഒളിമ്പിക്ക് ഗെയിംസ്, 2014 ഏഷ്യൻ ഗെയിംസ് എന്നിവയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഒരേയൊരു താരമായ അദിതി ലല്ല ഐച്ച ടൂർ സ്കൂൾ വിജയിച്ച ഏറ്റവും ചെറിയ കുട്ടിയായി ചരിത്രം സൃഷ്ടിച്ചിരുന്നു. അഞ്ചാം വയസിൽ ബാംഗ്ലൂർ ഗോൾഫ് ക്ലബിൽ ഗോൾഫ് കളി ആരംഭിച്ചത്. ലേഡീസ് യൂറോപ്യൻ ടൂർസ് ജയിക്കുന്ന ആദ്യ ഇന്ത്യൻ അദിതി അശോക് താരവുമാണ്.