കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് എം.പിമാരുടെ അപേക്ഷ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനഃപരിശോധിക്കാൻ അഡ്മിനിസ്ട്രേറ്ററോട് കോടതി നിർദേശിച്ചു.
ഒരു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കോൺഗ്രസ് എം.പി.മാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും നൽകിയ അപേക്ഷ നേരത്തേ ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇവർക്ക് ലക്ഷദ്വീപിൽ പ്രവേശിക്കാനാവില്ലെന്നാണ് ദ്വീപ് ഭരണകൂടം ഇറക്കിയ ഉത്തരവ്.
ഇതിനെചോദ്യം ചെയ്തുകൊണ്ടാണ് എം.പി.മാർ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ നടപടി തെറ്റാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ എം.പി.മാരുടെ വാദം കേൾക്കാതെ തീരുമാനമെടുത്തത് ശരിയായില്ല. അപേക്ഷ പരിഗണിക്കുമ്പോൾ എം.പി.മാർക്ക് എന്ത് പറയാനുണ്ടെന്ന് കൂടികേൾക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് ബാധ്യതയുണ്ടായിരുന്നു എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതുകൊണ്ട് എം.പി.മാരുടെ വാദങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഒരുമാസത്തിനകം തീരുമാനം എടുക്കണം എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ഹൈക്കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം ഇന്ന് കോടതിയിൽ എടുത്ത നിലപാട്. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.
Content Highlights:Rejection of MPs request to visit Lakshadweep is illegal High court