തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ പി.ജി. ഡോക്ടർമാർ തിങ്കളാഴ്ച മുതൽ അനിശ്ചികാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നതെന്ന് പി.ജി. ഡോക്ടർമാരുടെ സംഘടനയായ കെ.എം.പി.ജി.എ. വ്യക്തമാക്കി
സമാനമായ വിഷയം ഉന്നയിച്ച് ഇന്ന് സൂചനാ സമരം നടത്തുകയാണ് പി.ജി. ഡോക്ടർമാർ. ഇതേത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമോ നടപടിയോ കൈക്കൊണ്ടിട്ടില്ല. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമ്പോൾ അത് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളേയും ബാധിക്കും. എന്നാൽ, സമരം പ്രഖ്യാപിച്ച പി.ജി. ഡോക്ടർമാരുമായി ഇനി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്.
അതിനിടെ, തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി റഫീഖ്, കരിമഠം സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവിടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സമരം ചെയ്തിരുന്നു.
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പ്രതിഷേധം അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരേ അക്രമം കാണിക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.
Content Highlights: PG doctors on strike from monday onwards