തിരുവനന്തപുരം> മുസ്ലിംലീഗിലെ പ്രശ്നങ്ങൾക്ക് കാരണം പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് പാണക്കാട്ട് കുടുംബം തുറന്നടിച്ച സാഹചര്യത്തിൽ ലീഗിൽ കൂട്ടക്കുഴപ്പവും പൊട്ടിത്തെറിയും . ഇതോടെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു.
ലീഗ് മുഖപത്രമായ ചന്ദ്രികപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി രണ്ടാമതും വിളിപ്പിച്ച സാഹചര്യത്തിലാണ് പാണക്കാട് കുടുംബം ഇന്നലെ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ചത്. 10 കോടി രൂപയാണ് വെളുപ്പിച്ചത്.
രോഗാവസ്ഥയിലിരിക്കുന്ന ഹൈദരാലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ ഇടയാക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്ന് പാണക്കാട് ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലിയാണ് തുറന്നടിച്ചത്.എന്നാൽ വാർത്താമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടയെന്ന് അറിയപ്പെടുന്ന ലീഗ് പ്രവർത്തകൻ റാഫി മുഈൻ അലിക്കെതിരെ തട്ടിക്കയറിയത് പ്രതിസന്ധി രൂക്ഷമാക്കി. മുന്പും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഗുണ്ടാപണി നടത്തിയആളാണ് റാഫി.
അതേസമയം മുഈൻ അലിക്കെതിരെ നടപടിവേണമെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷം പറയുന്നത്. പാർടി അച്ചടക്കം ലംഘിച്ചതിന് പാർടിയിൽനിന്ന് സസ്പെൻറ് ചെയ്യണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിൽ ലീഗിന്റെ അനൗദ്യോഗിക നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. അതിൽ പങ്കെടുക്കാനാണ് കുഞ്ഞാലിക്കുട്ടി തിരക്കിട്ട് വരുന്നത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന് സംസ്ഥാന കമ്മിറ്റി ഓഫീസായ ലീഗ് ഹൗസില് വെച്ച് നടത്തിയ വിമര്ശനം നേതൃത്വത്തെയും പ്രവര്ത്തകരെയുമാകെ ഞെട്ടിച്ചിട്ടുണ്ട്. പാര്ടി പത്രത്തിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പേരില് ഇഡി ചോദ്യം ചെയ്യുന്നത് ഹൈദരലി ശിഹാബ് തങ്ങളെ തളര്ത്തിയെന്നാണ് മുഈന് അലി പറഞ്ഞത്. എല്ലാം കുഞ്ഞാലിക്കുട്ടിക്ക് അറിയാം. കഴിഞ്ഞ 40വർഷമായി ലീഗിന്റെ സാമ്പത്തിക – ഫണ്ട് ഇടപാടുകള് അദ്ദേഹമാണ് നടത്തുന്നതെന്നും വാര്ത്താസമ്മേളനത്തില് പറഞ്ഞിരുന്നു. .
എന്നാല് കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടയുടെ ഇടപെടലിൽ ലീഗ് ഹൗസില് സംസ്ഥാന പ്രസിഡന്റിന്റെ മകന് സംസാരിക്കാന് കൂടി സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണുണ്ടായത്. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയാണ് മുഈന് അലി. എം പി സ്ഥാനം രാജിവെച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവും ഖത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമെല്ലാം നേരത്തെ മുഈൻ അലി എതിർത്തിരുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്ന പോരിനിറങ്ങുമ്പോൾ തനിച്ചല്ലെന്ന ബോധ്യം മുഈൻ അലിയ്ക്കുണ്ട്. ലീഗ് അധ്യക്ഷൻ എന്നതിലുപരി സ്വന്തം ഉപ്പയെ അന്വേഷണ ഏജൻസികൾക്ക് ചോദ്യംചെയ്യാൻ സാഹചര്യം സൃഷ്ടിച്ചതിലുള്ള വൈകാരികതലവും പ്രതിഷേധത്തിന് കാരണമാണ്.
ഹൈദരലി തങ്ങളെ കെണിയിലാക്കി കുഞ്ഞാലിക്കുട്ടി ദുഷ്പേര് ചാർത്തിയെന്ന പ്രതിഷേധം ലീഗിൽ നേരത്തെ ഉയർന്നിരുന്നു. ഭാരവാഹി യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച യൂത്ത്ലീഗ് നേതാക്കളടക്കം ഇപ്പോൾ രക്ഷയ്ക്കെത്തുന്നില്ല. മലപ്പുറത്തെ സഹകരണബാങ്കിൽ മകന്റെ കള്ളപ്പണം കണ്ടെടുത്തത്, ചന്ദ്രികയെ മറയാക്കിയുള്ള അഴിമതികൾ, വി കെ ഇബ്രാഹിംകുഞ്ഞടക്കമുള്ളവരുടെ അഴിമതിക്ക് രക്ഷകനായതും കുഞ്ഞാലിക്കുട്ടിയെ പ്രതിസന്ധിയിലാക്കി.