തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരേലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈം ബ്രാഞ്ച്. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ആറ് പേർക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ച് 25 ദിവസത്തിലധികമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്.
പ്രതികളായ സുനിൽകുമാർ, ബിജു കരീം, ബിജോയ്, റെജി അനിൽ, കിരൺ, ജിൽസ് എന്നിവർക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികൾ ഒളിവിലാണെന്നും ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും വ്യക്തമാക്കിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നേരത്തെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
അതേസമയം കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് പ്രതികളായ ബിജു കരീം, റെജി അനിൽ, ജിൽസ് എന്നിവർ സമർപ്പിച്ച ഹർജി തൃശ്ശൂർ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരൻ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടത്.
മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എംസി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ബാങ്ക് സെക്രട്ടറി ഉൾപ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു.
വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്. പ്രതികളായ ടി.ആർ. സുനിൽകുമാറും ബിജുവും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമാണ്.
Content Highlights: Lookout notice against accused of Karuvannur case