കോഴിക്കോട്
കള്ളപ്പണക്കേസിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതിന് ഏക ഉത്തരവാദി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ലീഗ് നേതാക്കൾ. പ്രശ്നം ‘ഇശ്യു’ ആക്കേണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം പ്രവർത്തകരും നേതാക്കളും സ്വീകരിച്ചിട്ടില്ല. കെ ടി ജലീലിന്റെ ആരോപണം ഒരു കോപ്പുമില്ലാത്തതെന്ന നേതാവിന്റെ മറുപടിയിലും ഭൂരിഭാഗവും തൃപ്തരല്ല. ജലീലിനെ വിടാം; ഹംസ സാഹിബ് പറഞ്ഞതോ കുഞ്ഞാപ്പാ എന്ന ചോദ്യമാണ് തിരിച്ചുയരുന്നത്. ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ സെക്രട്ടറി കെ എസ് ഹംസ പറഞ്ഞതിന് മറുപടി വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
‘ലീഗുകാരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി ചന്ദ്രിക മാറി. ഹൈദരലി തങ്ങളെ ഇഡി ചോദ്യംചെയ്യുന്ന സ്ഥിതിയുണ്ടായി. തങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകാൻ കാരണം ഇതാണ്. പാണക്കാട് കുടുംബത്തെ ഇഡി ചോദ്യംചെയ്തതിലൂടെ തങ്ങളെയും പാർടിയെയും കുഞ്ഞാലിക്കുട്ടി കൊലയ്ക്കുകൊടുത്തു’–-എന്നെല്ലാമാണ് ഹംസ പറഞ്ഞത്. പാലാരിവട്ടം പാലം അഴിമതിപ്പണമായി 10 കോടി രൂപ ചന്ദ്രികയിൽ നിക്ഷേപിച്ചതിനാണ് അന്വേഷണമെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സാദിഖലി ശിഹാബ് തങ്ങളുമടക്കം പ്രമുഖരുള്ള യോഗത്തിലായിരുന്നു ഹംസ തുറന്നടിച്ചത്. ഹംസയെ മറ്റ് മുതിർന്ന നേതാക്കൾ തിരുത്തുകയോ വിമർശിക്കുകയോ ഉണ്ടായില്ല.
വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ പാണക്കാട് കുടുംബത്തിന് ബാധ്യതയുണ്ടെന്നും അതുണ്ടായില്ലെങ്കിൽ പടച്ചവൻ ചോദിക്കുമെന്നും തങ്ങൾ കുടുംബം ഉത്തരവാദിത്തം നിർവഹിക്കണമെന്നും പറഞ്ഞ എം കെ മുനീറിന്റെ വാക്കുകളിലും കുഞ്ഞാലിക്കുട്ടിക്കെതിരായ പരോക്ഷ വിമർശനമായിരുന്നു. കെ പി എ മജീദ് സ്ഥാനാർഥിയാകണോ എന്ന് ഫർണിച്ചർ വ്യാപാരി ചോദിച്ചെന്ന് വെളിപ്പെടുത്തിയ പി കെ ബഷീർ എംഎൽഎ, ലീഗിൽ ആരാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന ചോദ്യവുമുയർത്തി. യോഗത്തിലെ ഈ ചർച്ച പ്രചരിപ്പിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രതിഷേധം.