തിരുവനന്തപുരം
വൈദ്യുതി നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പിൻവലിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നിയമഭേദഗതി സാധാരണക്കാർക്ക് മിതമായ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുമെന്ന് മന്ത്രി കെ കെ കൃഷ്ണൻകുട്ടി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
ഭരണഘടന പ്രകാരം സംസ്ഥാനത്തിനുകൂടി നിയമനിർമാണത്തിന് അവകാശമുള്ള വിഷയത്തിൽ നിയമം കൊണ്ടുവരുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. 2020 ജൂലൈയിൽ വിളിച്ച സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിയോജിപ്പ് അറിയിച്ചിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിച്ചേ അന്തിമ തീരുമാനമെടുക്കൂവെന്ന് പറഞ്ഞതാണ്. ഇപ്പോൾ അപകടകരമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം.
വൈദ്യുതിവിതരണ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസിന്റെ ആവശ്യമില്ലെന്നതാണ് ഭേദഗതിയിലെ പ്രധാന നിർദേശം. നിലവിലുള്ള ലൈൻ ഉപയോഗിച്ച് വൈദ്യുതി കൊണ്ടുപോകാൻ കമ്പനികളെ അനുവദിക്കും. ലൈനുകളുടെ നിർമാണത്തിൽ കമ്പനിക്ക് ബാധ്യതയില്ല. നഷ്ടം വന്നാൽ ഇട്ടിട്ടുപോകാം. എല്ലാവർക്കും വൈദ്യുതി നൽകണമെന്നും വ്യവസ്ഥയില്ല. സാധാരണക്കാർക്കും ഗ്രാമീണമേഖലയിലും ധനശേഷി കുറഞ്ഞ മേഖലകളിലും വൈദ്യുതി വിതരണം സർക്കാരിന്റെ മാത്രം ബാധ്യതയാകും. വരുമാനമുള്ള മേഖലകൾ സ്വകാര്യമേഖലയ്ക്കാകും. ഇത് സാധാരണക്കാർക്ക് മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കും. ഈ പരിഷ്കാരം നടപ്പാക്കിയെടുത്തെല്ലാം ഇതാണ് അനുഭവം. ഈ സാഹചര്യത്തിൽ കേന്ദ്രം നിയമഭേദഗതി പിൻവലിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു.