കൊച്ചി> ഫസലിനെ കൊലപ്പെടുത്തിയത് താനും മറ്റ് രണ്ട് പേരും ചേര്‍ന്നാണന്ന ആര്‍എസ്എസ് പ്രവര്ത്തകന് കുപ്പി സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം നേതാക്കളായ കാരായി രാജന് കാരായി ചന്ദ്രശേഖരന് എന്നിവര്‍ കേസില്‍ കുറ്റവിമുക്തരാക്കപ്പെടില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ഏഴര വര്‍ഷത്തോളം വീട്ടില്‍ നിന്ന് അകന്ന് കഴിഞ്ഞ ഇവര്‍ ഏതെങ്കിലും സാക്ഷികളെ സ്വാധീനിച്ചതായി സിബിഐ പരാതി ഉന്നയിച്ചിട്ടില്ലെന്നും ജസ്റ്റീസ് അശോക് മേനോന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.ഇരുവര്‍ക്കും കണ്ണൂരില്‍ വലിയ സ്വാധീനമുള്ളവരാണന്നും അതിനാലാണ് ഇവരുടെ അസാന്നിദ്ധ്യത്തിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചതെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് എറണാകുളം വിടാന്‍ അനുവദിക്കരുതെന്നും സി ബി ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.
അസാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോലും സ്വാധീനമുള്ളവര്‍ സാക്ഷികളെ സ്വാധീനിച്ചതായി പരാതി ഉയര്ന്നിട്ടില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി.ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നുവെന്നും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സി ബി ഐ വാദം ഉന്നയിച്ചു.
തുടരന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാവുമെന്ന് കരുതാനാവില്ലെന്നും അതിനാല്‍ ഇരുവരും മൂന്ന് മാസം കൂടി കൊച്ചിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് കോടതി പറഞ്ഞു.ഇത്രയും നീണ്ട കാലയളവില്‍ സ്വന്തം നാടും വീടും വിട്ട് താമസിക്കേണ്ടി വന്ന ഇവര്‍ക്ക് ഉപജീവനത്തിനായി തൊഴിലെടുക്കാന്‍ കഴിയാത്തതിനാല്‍ മറ്റാളുകള്‍ സഹായിച്ചിട്ടുണ്ടാവുമെന്നും ഇനിയും തുടരേണ്ടി വരുന്നത് സഹായത്തിന് മുതിര്‍ന്നവര്‍ക്ക് വീണ്ടും ബാധ്യത ഉണ്ടാക്കുകയേയുള്ളുവെന്നും കോടതി പറഞ്ഞു.
ഇവര്‍ക്കിപ്പോള്‍ പ്രായമായി.അസാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്വാധീനമുള്ളവര്‍ക്ക് സാക്ഷികളെ സ്വാധിനിക്കാനുമാവും. പക്ഷെ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. കുപ്പി സുബീഷിനറ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പൂര്‍ണ്ണമായി കുറ്റവിമുക്തരാക്കപ്പെട്ടില്ലെന്ന് പറയാനാവില്ല.അങ്ങനെ വന്നാല്‍ ദീര്‍ഘകാലം കൊച്ചിയില്‍ തന്നെ തുടരണമെന്ന ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്നത് അവരോട് കാണിക്കുന്ന അനീതിയാവുമെന്നും കോടതി പറഞ്ഞു. ഇപ്പോള്‍ സിബിഐ നടത്തുന്ന തുടരന്വേഷന്നം ഉടന്‍ അവസാനിക്കുമെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു.